Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി: അതിജീവിതയുടെ മൊഴിയെടുത്തു
രാഹുലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്തു. പരാതിയില്‍ അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം റൂറല്‍ എസ് പി. കെ എസ് സുദര്‍ശനും സംഘവുമാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിയുടെയും മൊഴിയുടേയും അടിസ്ഥാനത്തില്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തി കേസെടുക്കേണ്ടതെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ നാളെ അപേക്ഷ നല്‍കും.
രാഹുലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരത്തെ രജിസ്റ്റര്‍ ചെയ്തതിന് പുറമെ, മറ്റൊരു എഫ് ഐ ആര്‍ കൂടി മറ്റൊരു എഫ് ഐ ആര്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വനിതാ ഉദ്യോഗസ്ഥരെയടക്കം ഉള്‍പ്പെടുത്തി അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയത്. തെളിവുകള്‍ സഹിതം നല്‍കിയ പരാതി വിശദമായ അന്വേഷണത്തിനായി ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.



