From the print
രാഹുല്‍ മാങ്കൂട്ടത്തില്‍: പരാതി ആയുധമാക്കാന്‍ സി പി എമ്മും ബി ജെ പിയും
രാഹുല്‍ വിവാദം കോണ്‍ഗ്രസ്സ് പ്രചാരണത്തിന് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
പാലക്കാട് | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ യുവതിയുടെ പരാതി വിവാദമാക്കാന്‍ സി പി എമ്മും ബി ജെ പിയും. നേരത്തേ വിവാദം ഉയര്‍ന്നപ്പോള്‍ ഡി വൈ എഫ് ഐയും ബി ജെ പിയും പ്രതിഷേധം നടത്തിയിരുന്നെങ്കിലും പിന്നീട് തണുക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുല്‍ സജീവമായിരുന്നു. പാലക്കാട് നഗരസഭയെ ബി ജെ പിയില്‍ നിന്ന് മോചിപ്പിക്കുമെന്നും സി പി എം ശക്തി കേന്ദ്രങ്ങളായ പിരായിരി, കണ്ണാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ യു ഡി എഫ് പിടിച്ചെടുക്കുമെന്നും പറഞ്ഞാണ് പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയതോടെ രാഹുല്‍ എം എല്‍ എ ഓഫീസ് പൂട്ടി രക്ഷപ്പെട്ടു. ഇതോടെ വിവാദം ആയുധമാക്കാന്‍ സി പി എമ്മും ബി ജെ പിയും രംഗത്തെത്തി. യുവതി പരാതി നല്‍കിയ ഉടന്‍ ഡി വൈ എഫ് ഐ. എം എല്‍ എയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. ഓഫീസ് പരിസരത്ത് വന്‍ പോലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് പ്രവര്‍ത്തകരെത്തിയത്. എം എല്‍ എ ഓഫീസിന് മുന്പില്‍ റീത്ത് വെച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ ഓഫീസിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഡി വൈ എഫ് ഐക്ക് പിന്നാലെ ബി ജെ പിയും പ്രതിഷേധവുമായി എം എല്‍ എ ഓഫീസിലെത്തി. ഗേറ്റ് കടന്ന് ഓഫീസിന്റെ മുറ്റത്ത് പ്രതിഷേധം കടുപ്പിച്ചതോടെ ബി ജെ പി പ്രവര്‍ത്തകരെയും പോലീസ് നീക്കി.
എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുന്നതിന് പുറമെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുല്‍ വിഷയം ബി ജെ പിയും സി പി എമ്മും യു ഡി എഫിനെതിരായ പ്രചാരണ ആയുധമാക്കാനാണ് നീക്കം. രാഹുല്‍ വിവാദം കോണ്‍ഗ്രസ്സ് പ്രചാരണത്തിന് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിന്ന് രക്ഷപ്പെടാനായി കരുതിക്കൂട്ടി രാഹുലിനെ കുടുക്കിയതാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു.




