From the print
മലപ്പുറം: ഭരണം ഉയര്‍ത്തിക്കാട്ടി എല്‍ ഡി എഫ്; തദ്ദേശ നേട്ടങ്ങള്‍ പറഞ്ഞ് യു ഡി എഫ്
എല്‍ ഡി എഫ് പ്രചാരണായുധമായി ജമാഅത്തെ ഇസ്‌ലാമി ബന്ധവും. പൊന്മുണ്ടത്ത് സാമ്പാര്‍ മുന്നണി.
മലപ്പുറം | പകല്‍ ചൂട് കൂടുന്നതിനനുസരിച്ച് മലപ്പുറത്ത് തിരഞ്ഞെടുപ്പ് കളവും ചൂട് പിടിക്കുന്നു. നാമനിര്‍ദേശ പത്രികയിലെ തള്ളലും കൊള്ളലും കഴിഞ്ഞ് ചിത്രം തെളിഞ്ഞതോടെ പ്രചാരണവുമായി പോരാട്ടച്ചൂട് പകരുകയാണ് മുന്നണികള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ജില്ലയാണ് മലപ്പുറം. വിമതരുടെയും റിബലുകളുടെയും ഭീഷണി യു ഡി എഫിനുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ ബേധപ്പെട്ട നിലയില്‍ ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായെന്നാണ് യു ഡി എഫ് വിലയിരുത്തല്‍.
പൊന്മുണ്ടം പഞ്ചായത്തില്‍ യു ഡി എഫ് മുന്നണി സംവിധാനം തെറ്റിച്ചാണ് മത്സരമുള്ളത്. ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ച് 25 വര്‍ഷം പിന്നിട്ടിട്ടും മുന്നണി സംവിധാനം ഇല്ലാതെയാണ് ഇവിടുത്തെ മത്സരം. മുസ്‌ലിം ലീഗിന്റെ കുത്തക പഞ്ചായത്തായ ഇവിടെ ഇപ്രാവശ്യം മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും കോണ്‍ഗ്രസ്സ്, സി പി എം, സി പി ഐ എന്നിവര്‍ ‘സാമ്പാര്‍ മുന്നണി’ രൂപത്തിലും മത്സര രംഗത്തുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സംഖ്യമായല്ല, സഹകരണ അടിസ്ഥാനത്തിലാണ് മത്സരിക്കുന്നതെന്ന് പറയുമ്പോഴും ജില്ലയില്‍ സഖ്യകക്ഷി എന്ന രീതിയിലാണ് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കൊണ്ടുനടക്കുന്നത്. ഇത് തന്നെയാണ് ജില്ലയിലെ പ്രധാന രാഷ്ട്രീയ വിവാദവും. യു ഡി എഫ് പിന്തുണക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന് പറഞ്ഞാണ് ഫ്‌ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മുസ്‌ലിം ലീഗിന്റെ സീറ്റുകളാണ് ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത്. ഈ കൂട്ടുകെട്ട് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുമുണ്ട്.
ഈ കൂട്ടുകെട്ട് ഉയര്‍ത്തിക്കാട്ടി വര്‍ഗീയ ശക്തികളോട് സമരസപ്പെട്ടാണ് യു ഡി എഫ് വോട്ട് ചോദിക്കുന്നതെന്ന് പറഞ്ഞാണ് ഇടതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഒമ്പത് വര്‍ഷത്തെ ഭരണനേട്ടങ്ങളും പ്രചാരണത്തിലെത്തുന്നു. ജില്ലയിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും യു ഡി എഫിന്റെ കൈയിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണനേട്ടങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഒമ്പത് വര്‍ഷത്തെ ജനവിരുദ്ധതയും പറഞ്ഞാണ് യു ഡി എഫിന്റെ വോട്ട് പിടിത്തം. ഇടതുപക്ഷം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയിരുന്ന തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളുടെ കണക്കുകള്‍ നിരത്തിയാണ് ആരോപണങ്ങളെ യു ഡി എഫ് പ്രതിരോധിക്കുന്നത്.
94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. 2,001 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും 505 നഗരസഭാ വാര്‍ഡുകളിലേക്കും 33 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും 250 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്നത് ആകെ 2,512 വാര്‍ഡുകളായിരുന്നു. ഇത്തവണ അത് 2,789 വാര്‍ഡുകളായി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 277 വാര്‍ഡുകളുടെ വര്‍ധനയാണുണ്ടായത്. 2,789 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനായി 35,74,802 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 33 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ 32 ഡിവിഷനുകളില്‍ 21 ഇടത്ത് മുസ്‌ലിം ലീഗിനും ആറിടത്ത് കോണ്‍ഗ്രസ്സിനുമാണ് അംഗങ്ങളുള്ളത്. അഞ്ച് അംഗങ്ങളാണ് ഇടതിനുള്ളത്. 12 നഗരസഭകളില്‍ ഒമ്പതിടത്തും യു ഡി എഫ് ഭരണസമിതിയാണുള്ളത്. മൂന്ന് നഗരസഭകള്‍ എല്‍ ഡി എഫ് ഭരിക്കുന്നു. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 ഇടത്തും ഭരണം യു ഡി എഫിനാണ്. മൂന്നിടത്താണ് എല്‍ ഡി എഫ് ഭരണം കൈയ്യാളുന്നത്. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കുന്നത് യു ഡി എഫാണ്. 24 ഇടത്ത് എല്‍ ഡി എഫും ഭരണത്തിലുണ്ട്. ഇങ്ങനെ മുസ്‌ലിം ലീഗിന്റെ കരുത്തില്‍ യു ഡി എഫിന് ശക്തമായ അടിത്തറയുള്ള ജില്ലയാണ് മലപ്പുറം. ചില ചാഞ്ചാട്ടങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാ കാലത്തും ചായ്വ് വലത്തോട്ടാണ്. ആ കരുത്ത് തന്നെയാണ് യു ഡി എഫിന്റെ മുതല്‍ക്കൂട്ടും. എന്‍ ഡി എ, വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ എന്നിവരും മത്സരഗോദയിലുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മുസ്‌ലിം ലീഗിന് 1,072 ജനപ്രതിനിധികളുണ്ടായിരുന്നു. സി പി എം (695), കോണ്‍ഗ്രസ്സ് (450), സി പി ഐ (31), ബി ജെ പി (31), വെല്‍ഫെയര്‍ പാര്‍ട്ടി (19), എസ് ഡി പി ഐ (10), കേരള കോണ്‍ഗ്രസ്സ് (എം) (ആറ്), സി എം പി (മൂന്ന്), ഐ എന്‍ എല്‍ (രണ്ട്), തൃണമൂല്‍ കോണ്‍ഗ്രസ്സ് (ഒന്ന്), എല്‍ ജെ ഡി (ഒന്ന്), കേരള കോണ്‍ഗ്രസ്സ് (ഒന്ന്), എന്‍ സി പി (ഒന്ന്), ആര്‍ ജെ ഡി (ഒന്ന്), മറ്റുള്ളവര്‍ (187) എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്.




