From the print
അന്ധര്‍ക്കും അവശര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും
ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും.
തിരുവനന്തപുരം | അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് 18 വയസ്സിന് മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂനിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതനുവദിക്കുകയുള്ളൂ. ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും.
സ്ഥാനാര്‍ഥിയെയും പോളിംഗ് ഏജന്റിനെയും സഹായിയാകാന്‍ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാന്‍ മതിയായ കാരണമല്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവര്‍ത്തിക്കാനും അനുവദിക്കില്ല.
രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേ ദിവസം മറ്റ് പോളിംഗ് സ്റ്റേഷനുകളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം നിര്‍ദിഷ്ട ഫോമില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഈ ഫോം പ്രത്യേക കവറില്‍ പ്രിസൈഡിംഗ് ഓഫീസര്‍ വരണാധികാരിക്ക് കൈമാറും.




