Connect with us

articles

"ബഹ്‌റുൽ ഉലൂം' അറിവിനായുള്ള ജീവിതം

ഒരിക്കലും സംഭാഷണ പ്രിയനായിരുന്നില്ല ശൈഖുനാ. നാം പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കും. ആവശ്യമെങ്കിൽ ഖൈറെന്ന് ബോധ്യമുള്ളത് സംസാരിക്കും. ആ വാക്കുകളിൽ അനാവശ്യ പ്രശംസകളോ പ്രലോഭനങ്ങളോ പരിഹാസങ്ങളോ കുറ്റപ്പെടുത്തലുകളോ, പരനിന്ദയോ ഒരിക്കലും വന്നിട്ടില്ല.

Published

|

Last Updated

കേരളീയ പണ്ഡിതന്മാർക്കിടയിൽ ബഹ്‌റുൽ ഉലൂം, അഥവാ, ജ്ഞാന സാഗരം എന്ന് നാം ആദരവോടെ ശൈഖുനാ ഉസ്താദുൽ അസാതീദ് ഒ കെ ഉസ്താദിനെ (റ) വിളിക്കുന്നതിന് പിന്നിൽ കാരണങ്ങൾ ഒട്ടനവധിയാണ്. മഹാനായ കാപ്പാട് ഉസ്താദിൽ നിന്നാണ് ശൈഖുനാ സംസ്‌കൃത ഭാഷ പഠിക്കുന്നത്. ഒതുക്കുങ്ങൽ ഇഹ്‌യാഉസ്സുന്നയിൽ ദർസ് ആരംഭിക്കുന്ന ഘട്ടത്തിൽ ബഹുഭാഷാ പഠനത്തെ കുറിച്ചുള്ള ആലോചനകൾക്കിടെ ശൈഖുനാ അഭിപ്രായപ്പെട്ടു. “ഫാരിസി ഭാഷ വേണമെങ്കിൽ ഞാൻ പഠിപ്പിച്ചു കൊള്ളാം’ മതപഠനത്തിന്റെ ഭാഗമായ വിവിധ ശാസ്ത്ര സിദ്ധാന്തങ്ങൾക്കും, തത്ത്വങ്ങൾക്കുമപ്പുറം ബഹുഭാഷയിലടക്കം വിജ്ഞാനത്തിന്റെ സർവ തലങ്ങളിലും അന്ന് ശൈഖുനാക്ക് അവഗാഹവും അഭിപ്രായങ്ങൾക്കുതകും വിധം പ്രാവീണ്യവുമുണ്ടായിരുന്നു.

ശൈഖുനായുടെ കൂടെ അറിവ് നുകർന്നു കൊണ്ടോ, പ്രാർഥനയിൽ പങ്ക് കൊണ്ടോ അൽപ്പ നേരമെങ്കിലും സഹവസിച്ചവർ ആത്മസംതൃപ്തിയോടെയാണ് ആ സവിധത്തിൽ നിന്ന് ഇറങ്ങി വരിക. അറിവിന്റെ അതിമധുരം കണ്ടെത്തി ആസ്വദിച്ച ജീവിതം. ജീവിതത്തിലെ മുഴുവൻ ചുറ്റുപാടുകളേക്കാൾ ദർസ് അധ്യാപനത്തിന് അതിപ്രാധ്യാന്യം കൽപിച്ച ദാർശനികത. സമസ്ത മുശാവറയിൽ അംഗമായി ചേർന്നെങ്കിലും ദർസ് മുടങ്ങാതെ യോഗങ്ങളിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാതിരുന്നതിനാൽ മുശാവറ യോഗങ്ങളിൽ സംബന്ധിക്കാൻ സാധിച്ചിരുന്നില്ല. ആശുപത്രിയിൽ വിശ്രമിക്കേണ്ടി വന്ന ചുരുങ്ങിയ ദിവസങ്ങളിലൊഴിച്ചാൽ വഫാത്ത് വരെയും ശൈഖുനായുടെ ദർസ് അധ്യാപനത്തിനു മുടക്കം വന്നിട്ടില്ല. ശൈഖുനായുടെ വഫാത്തിനോടനുബന്ധിച്ച് പോലും അവിടുന്ന് ശിലപാകിയ ഇഹ്‌യാഉസ്സുന്നയിലെ ദർസ് പതിവ് പോലെ നടന്നിട്ടുണ്ട്.

പഠന കാലത്ത് കിതാബ് ഓതി പഠിക്കുന്നതിനപ്പുറം ശൈഖുനാക്ക് മറ്റൊരു വിനോദം ഉണ്ടായിരുന്നില്ല. യാത്രകളും വിശ്രമങ്ങളുമടക്കമുള്ള ചുറ്റുപാടുകൾ ശൈഖുനാക്ക് മനപ്പാഠമാക്കിയ മത വിധികളും, സമർഥനങ്ങളും, സിദ്ധാന്തങ്ങളും, ഓർത്തെടുക്കാനും ആവർത്തിക്കാനുമുള്ള അവസരങ്ങളായിരുന്നു. ശൈഖുനാ പറയാറുണ്ടായിരുന്നു “എല്ലാവരും അൽഫിയ്യയുടെ മത്‌ന് മാത്രം മനഃപാഠമാക്കിയപ്പോൾ ഞാൻ മത്‌നും ശറഹും കൂടി മനഃപാഠമാക്കിയിരുന്നു. കാപ്പാട് ദർസിൽ ഓതിക്കൊണ്ടിരിക്കെ കാപ്പാട് ഉസ്താദിന്റെ ആകർഷകമായ വിശകലന പാടവത്തിൽ തത്പരനായി ശൈഖുനാ മുമ്പ് ഓതിയിരുന്ന ഒട്ടുമിക്ക കിതാബുകളും അവിടെ നിന്നും, വീണ്ടും ഓതി പഠിച്ചു. ഗോളശാസ്ത്രഗ്രന്ഥമായ രിസാലത്തുൽ മാറദീനി മുഴുവനും ശൈഖുനാ സ്വന്തം കൈപ്പടയിൽ എഴുതി നന്നാക്കിയാണ് ഓതിയിരുന്നത്. പഠിക്കുന്ന വിഷയത്തോടും പഠനഗ്രന്ഥത്തോടുമുള്ള അകമഴിഞ്ഞ താത്പര്യവും സമീപനവും കൂടിയാണ് ശൈഖുനായെ പിഴവില്ലാത്ത അറിവുകളുടെ ഉടമയാക്കിയത്.

ശൈഖുനായുടെ അധ്യാപനരീതിയും ഒട്ടനവധി സവിശേഷതകളാൽ സമ്പന്നമായിരുന്നു. ദിവസവും സുബ്ഹി നിസ്‌കാരം കഴിയുന്നതോടെ, സൂര്യൻ ഉദിക്കാൻ കാത്തുനിൽക്കാതെ വിളക്കിന്റെ വെളിച്ചത്തിൽ കിതാബ് ചൊല്ലിക്കൊടുക്കാൻ ആരംഭിച്ച് പകലും, സായാഹ്നവും പിന്നിട്ട്, ഇശാ നിസ്കാരം വരെ ഇടതടവില്ലാതെ നടക്കുന്ന ദർസ്. പന്ത്രണ്ടിലധികം സബ്കുകൾക്ക് ശേഷം പുലർച്ചെ മൂന്ന് മണിക്ക് ശൈഖുനാ ഉറക്കമുണരും. വുളൂ ചെയ്ത് ഔറാദുകളുമായി രാത്രിയുടെ ഇളം നിലാവിൽ ആകാശത്തേക്ക് നോക്കി സൂറത്ത് ആലു ഇംറാനിലെ അവസാന ആയത്തുകൾ പാരായണം ചെയ്യും. തുടർന്ന് സുബ്ഹി നിസ്‌കാരം വരെ ഹ്യദ്യമായ ഖുർആൻ പാരായണം. ഇതായിരുന്നു ഉറക്കം പോലും ആരാധനയായി മാറുന്ന ശൈഖുനായുടെ ഇരുപത്തിനാല് മണിക്കൂർ ജീവിതം. ചാലിയം ജുമുഅത്ത് പള്ളിയിൽ ഞങ്ങൾ ഓതുന്ന കാലത്ത്, ദിവസവും ജമാഅത്ത് നിസ്‌കാരത്തിന്റെ സമയമടുത്താൽ വുളൂഇനായി എഴുന്നേൽക്കുന്നതും കുളിക്കാൻ ചാലിയത്തെ ഖാളിയാരകത്തേക്ക് നടക്കുന്നതുമൊഴിച്ചാൽ രണ്ടാഴ്ച കഴിഞ്ഞ് നാട്ടിൽ പോകുന്നതിനിടയിൽ ആ ശരീരത്തിന് കാര്യമായ ചലനങ്ങളൊന്നുമുണ്ടാവലില്ല. അതേസമയം ആ മനസ്സും ചിന്തയും സർവതാ ചലനാത്മകമാണ്. ചൊല്ലിക്കൊടുക്കാനിരിക്കുന്ന ഘട്ടങ്ങളേക്കാൾ ഉന്മേഷവാനായ ശൈഖുനായെ മറ്റൊരിക്കലും നമുക്ക് കാണാൻ സാധിക്കില്ലായിരുന്നു.

ദർസിനൊരുങ്ങിയാൽ അലസത, അശ്രദ്ധ, മടുപ്പ് നിഘണ്ടുവിൽ സ്ഥാനമില്ലായിരുന്നു. അവസാന നിമിഷം വരെ ഈ ഉന്മേഷത്തിന്റെ ഊർജം പ്രസരിപ്പോടെ പ്രവഹിച്ച് കൊണ്ടിരുന്നു. ആരോഗ്യവിഷയത്തിൽ ശൈഖുനാ അല്ലാഹുവിനെ സദാ സ്തുതിക്കുമായിരുന്നു. തനിക്കു ലഭിച്ച രണ്ടനുഗ്രഹത്തെപ്പറ്റി ഇടക്കിടെ സ്മരിക്കും. ഒന്ന്, കാര്യമായ രോഗം കൊണ്ട് ദർസ് മുടങ്ങേണ്ടി വന്നില്ല. രണ്ട്, ശിഷ്യഗണത്തിൽ അധികമാരും പരാജയപ്പെട്ടില്ല. ഒരു സമയവും അവിടുന്ന് പാഴാക്കാറുണ്ടായിരുന്നില്ല. ചാലിയം പള്ളിയിൽ ശൈഖുനായുടെ മുറിയോട് ചേർന്ന് കൈ കഴുകാനും മറ്റുമുള്ള വെള്ളം എപ്പോഴുമുണ്ടാകും. ദൂരെ ഖാളിയാരകത്ത് നിന്ന് ശൈഖുനാ തനിക്കുപയോഗിക്കാനുള്ള വെള്ളം സ്വയം കൈയിൽ തൂക്കിപ്പിടിച്ച് വരും. മുതഅല്ലിമീങ്ങൾ സഹായത്തിനായി ഒരുങ്ങിയാലും സമ്മതിക്കില്ലായിരുന്നു. നിങ്ങൾ പോയി കിതാബ് നോക്കിക്കൂടിൻ, ഇപ്പൊ എനിക്ക് ആരോഗ്യമുണ്ട്. എന്നായിരുന്നു ശൈഖുനായുടെ മറുപടി.

പ്രാഥമിക കിതാബുകളൊക്കെ ഓതിയ ശേഷം സുപ്രധാനമായ കിതാബുകളിലും സവിശേഷമായ വിഷയങ്ങളിലും പ്രാഗത്ഭ്യം നേടാനുദ്ദേശിച്ച് വരുന്നവരായിരുന്നു ശൈഖുനായുടെ ശിഷ്യരിലധികവും. വൈവിധ്യമാർന്ന പ്രാദേശിക ദർസുകളിൽ നിന്നും എത്തിയവരായിരുന്നിട്ട് കൂടി, പരസ്പരം ഗുണദോഷ വിചാരങ്ങൾക്കോ പക്ഷപാതങ്ങൾക്കോ അവരാരും സമയം നഷ്ടപ്പെടുത്തിയില്ല. ശൈഖുനായുടെ മഹിതമായ ശിക്ഷണത്തിൽ പഠിതാക്കൾ എന്ന ഒറ്റ തരക്കാരായി കിതാബിയ്യായ ചർച്ചകളും സംവാദങ്ങളുമായി അവർ വളർന്നു. പ്രത്യേകമായൊരു നിർദേശമോ, കൽപ്പനയോ, പെരുമാറ്റച്ചട്ടമോ പുറപ്പെടുവിക്കാതെ, ശകാരങ്ങളോ, ശിക്ഷാ നടപടികളോ കൂടാതെ, സ്വയം നിയന്ത്രിതമായ ദർസ്, മറ്റൊരർഥത്തിൽ പറഞ്ഞാൽ അല്ലാഹു ശൈഖുനാക്ക് നൽകിയ കറാമത് കൂടിയായിരുന്നു. ആ സവിധത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ് ഇന്ന് സുന്നത്ത് ജമാഅത്തിന്റെ കാവൽക്കാരായി മുന്നിൽ നിന്ന് നയിക്കുന്നത്. നമ്മുടെ നാട്ടിൽ ഹിദായത്ത് എന്ന വെളിച്ചം ഇന്ന് നിലനിൽക്കുന്നത് ശൈഖുനായിലൂടെയാണെന്ന് മനസ്സിലാക്കാം.

ഉദിച്ച് നിൽക്കുന്ന സൂര്യന്റെ പ്രകാശം പോലെ, ഇന്ന് ലോകത്തിന്റെ മുഴുവൻ ദിക്കുകളിലും ശൈഖുനായുടെ ശിഷ്യപരമ്പരയിൽ നിന്ന് വന്നവരുടെ സാന്നിധ്യമുണ്ട്.
ഒരിക്കലും സംഭാഷണ പ്രിയനായിരുന്നില്ല ശൈഖുനാ. ആകാശത്തിനു ചുവട്ടിൽ സംഭവിക്കുന്നതെല്ലാം അറിയണമെന്ന ആകാംക്ഷയുമില്ലായിരുന്നു. ആയതിനാൽ പത്ര വായന പോലും പതിവില്ലായിരുന്നു. നാം പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കും. ആവശ്യമെങ്കിൽ ഖൈറെന്ന് ബോധ്യമുള്ളത് സംസാരിക്കും. ആ വാക്കുകളിൽ അനാവശ്യ പ്രശംസകളോ പ്രലോഭനങ്ങളോ പരിഹാസങ്ങളോ കുറ്റപ്പെടുത്തലുകളോ, പരനിന്ദയോ ഒരിക്കലും വന്നിട്ടില്ല. പ്രയാസങ്ങളും പ്രശ്‌ന പരിഹാരവുമായി ഉസ്താദിനെ സമീപിക്കുന്നവരോട് ചുരുങ്ങിയ നിലയിൽ ഒറ്റ മറുപടിയായിരിക്കും. എനിക്കു തന്നെ അത്തരം അനുഭവങ്ങൾ പലകുറി ഉണ്ടായിട്ടുണ്ട്. ആ മറുപടിയിൽ തൃപ്തരാകാത്തവർക്ക് മറിച്ചൊരു മറുപടിയില്ല. ചിന്തിക്കാതെയാണ് ശൈഖുനാ മറുപടി പറയുന്നതെന്ന് ചിലർക്ക് തോന്നിയേക്കാം. സത്യത്തിൽ “ഇത്തഖൂ ഫിറാസത്തൽ മുഅ്മിൻ’ (മുഅ്മിനിന്റെ അന്തർ ജ്ഞാനങ്ങളെ കരുതിയിരിക്കുക) എന്ന വാക്കിന്റെ പൊരുളാണ് നാം അവിടെ തിരിച്ചറിയുന്നത്.

ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിച്ച ബഹ്‌റുൽ ഉലൂം എന്ന മുദർരിസിന്റെ ജീവിതത്തിൽ നമുക്കുള്ള പാഠങ്ങൾ ഒട്ടനവധിയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ആരുടെയും ഔദാര്യം സ്വീകരിച്ചിരുന്നില്ല. ഹദിയയായി കൊടുക്കപ്പെടുന്നത് സന്തോഷത്തോടെ സ്വീകരിക്കും. ആവശ്യം വന്നാൽ കോളജിന്റെ ചെലവിലേക്ക് തിരിക്കുകയും ചെയ്യും. ചാലിയത്ത് ദർസ് നടത്തുന്നതിനിടെ ഒരിക്കൽ പോലും റമസാൻ ഒഴിവുകാലത്ത് അങ്ങോട്ട് പോയിരുന്നില്ല. “നാട്ടുകാർ വല്ലതും തന്നാൽ, അത് സ്വദഖയാകാം സകാത്താകാം അതൊന്നും സ്വീകരിക്കാൻ നമുക്ക് പറ്റില്ലല്ലോ’ എന്ന ചിന്തയായിരുന്നു. പരിമിതികൾക്ക് നടുവിലും നിർബന്ധമായ ഹജ്ജിന് പോയത് മറ്റത്തൂർ ഭാഗത്ത് ഉമ്മയിൽ നിന്ന് അനന്തരമായി ലഭിച്ച അൽപ്പം സ്ഥലം വിറ്റു കിട്ടിയ തുക ഉപയോഗിച്ചായിരുന്നു. നിർബന്ധമായി വന്ന ഒരു കാര്യം വെച്ചു താമസിപ്പിക്കാൻ ശൈഖുനായുടെ മനസ്സ് അനുവദിച്ചിരുന്നില്ല.

അതേസമയം, പരിശുദ്ധ മദീനയിൽ വെച്ചുണ്ടായ ഒരാഗ്രഹത്തിൽ നിന്നാണ് ഇഹ്‌യാഉസ്സുന്ന കോളജ് എന്നിടത്തേക്ക് ശൈഖുനാ എത്തുന്നത്. 1956 ൽ ഹജ്ജ് യാത്രക്കിടെ മദീനയിലെത്തിയ ശൈഖുനായെ അവിടെയുള്ള കൊച്ചു പള്ളികൾ ആകർഷിച്ചു. പുരാതന രീതിയിൽ സംരക്ഷിക്കപ്പെടുന്ന നിരവധി പള്ളികൾ അടുത്തടുത്ത് കാണപ്പെടുന്നു. മസ്ജിദുന്നബവിക്ക് സമീപം തന്നെ നാല് ഖലീഫമാരുടെ നാമധേയത്തിലുള്ള പള്ളികൾക്ക് പുറമെ ഖന്തക്ക് കുഴിച്ച സ്ഥലത്ത് ഏഴ് പള്ളികൾ. അവിടെ വെച്ച് ശൈഖുനാ തീരുമാനിച്ചു നാട്ടിൽ തിരിച്ചെത്തിയാൽ ഒരു പള്ളിയുണ്ടാക്കണം, എന്നു വെച്ചാൽ സ്വർഗത്തിൽ ഒരു വീടുണ്ടാക്കണം. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ കൈയിൽ ബാക്കിയുണ്ടായിരുന്ന കുറച്ച് ക്യാഷ് ഉപയോഗിച്ച് സ്ഥലം വാങ്ങി പള്ളി നിർമാണം ആരംഭിച്ചു. നിർമാണം പൂർത്തിയാകും മുന്നെ തന്നെ കോഡൂർ മജീദ് മുസ്‌ലിയാരെ ദർസ് നടത്താൻ ഏൽപ്പിച്ചു. പിന്നീട് 1966 ൽ ഉത്തരേന്ത്യയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞെത്തിയ ഈ വിനീതനെ മുദർരിസായി ശൈഖുനാ നിയമിച്ചു, തുടർന്ന് 1990 മുതൽ ശൈഖുനായും മുഴുവൻ സമയ മുദർരിസായി വന്നു. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം ശൈഖുനായുടെ ഓർമകൾക്കൊപ്പം സ്ഥാപനവും സംവിധാനങ്ങളും വളരുന്നു. വൈജ്ഞാനിക ഗ്രന്ഥങ്ങൾ പുറത്തിറങ്ങുന്നു.

പ്രായാധിക്യത്തിന്റെ പരിമിതികളിലൂടെ കടന്നു പോകുന്ന വേളയിൽ ഒരിക്കൽ ഇഹ്‌യാഉസ്സുന്നയിൽ മഹാനായ ശൈഖുനാ ഞാൻ താമസിക്കുന്ന മുറിയിൽ വന്ന് എന്നോട് ഉപദേശിച്ചു, “ഇനിക്ക് പ്രായായി ഇനി ങ്ങള് ഇതിൽ നിന്നോളിൻ . ഇതാണ് ഖൈറ് ‘. എന്ന് പറഞ്ഞ് കൊണ്ട് മർഹൂം താജുൽ ഉലമായും സുൽത്വാനുൽ ഉലമായും നയിക്കുന്ന സമസ്തയിൽ നിലകൊള്ളാൻ നിർദേശം നൽകിയത് ഞാൻ ഓർക്കുകയാണ്. ശൈഖുനാ ചൂണ്ടിക്കാണിച്ചു തന്ന ആ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇന്ന് രാജ്യത്തിനു തന്നെ മാതൃകയായി ശതാബ്ദി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സമസ്തയുടെ ഈ വളർച്ചയിൽ ശൈഖുനായിൽ നിന്ന് പ്രസരിസിച്ചു കൊണ്ടിരിക്കുന്ന വൈജ്ഞാനിക പ്രകാശത്തോട് നാം ഓരോരുത്തരും അത്യധികം കടപ്പെട്ടിരിക്കുന്നു.
ഇന്ന് ജമാദുൽ ആഖിർ ആറ് ശൈഖുനായുടെ വഫാത്തിന്റെ 24-ാം ആണ്ടിന്റെ ദിവസമാണ്. നാഥനായ അല്ലാഹു ശൈഖുനായുടെ മഹത്വവും പദവിയും ഇനിയും ഉന്നതിയിൽ എത്തിക്കട്ടെ.

Latest