Connect with us

local body election 2025

കാസര്‍കോട് കോണ്‍ഗ്രസ്സ് ഭിന്നത രൂക്ഷം; ഡി സി സി

മുന്‍ വൈസ് പ്രസിഡന്റിന് സസ്‌പെൻഷൻ

Published

|

Last Updated

കാസര്‍കോട് | സീറ്റ് വിഭജനത്തെയും സ്ഥാനാര്‍ഥി നിര്‍ണയത്തെയും ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസ്സില്‍ ഉരുണ്ടുകൂടിയ ഭിന്നത രൂക്ഷമാകുന്നു. ഗുരുതരമായ പാര്‍ട്ടി അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ച് ഡി സി സി മുന്‍ വൈസ് പ്രസിഡന്റ്്ജെയിംസ് പന്തമാക്കനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റ്്പി കെ ഫൈസലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജെയിംസ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ കെ പി സി സി പ്രസിഡന്റ്്സണ്ണി ജോസഫ് എം എല്‍ എയാണ് ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പണം വാങ്ങിയാണ് പി കെ ഫൈസൽ സീറ്റുകള്‍ നല്‍കിയതെന്നായിരുന്നു ജെയിംസിന്റെ പ്രധാന ആരോപണം.

പ്രസിഡന്റ്്പദവി മുതലുള്ള സ്ഥാനങ്ങള്‍ക്കും പണം വാങ്ങിയിട്ടുണ്ടെന്നും കെ എം മാണിയുടെ മരുമകന്‍ ജോസഫിന് പി കെ ഫൈസല്‍ നല്‍കിയ വണ്ടിച്ചെക്ക് കേസ് തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ള എല്ലാവരില്‍ നിന്നും പണം പിരിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസര്‍കോട് കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മില്‍ നടക്കുന്ന ചെളിവാരിയെറിയലില്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് ക്യാമ്പ് അസ്വസ്ഥരാണ്.

സീറ്റ് വിഭജന ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ജെയിംസ് പന്തമാക്കനും കോണ്‍ഗ്രസ്സിന്റെ കര്‍ഷക സംഘടനയായ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ( ഡി കെ ടി എഫ്) ജില്ലാ പ്രസിഡന്റ്്വാസുദേവനും തമ്മില്‍ ഡി സി സി ഓഫീസില്‍ കഴിഞ്ഞ ദിവസം കൈയാങ്കളിയുണ്ടായത്. ജില്ലയില്‍ കോണ്‍ഗ്രസ്സിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കെ എം സ്വഫ്‌വാനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരത്ത് കോണ്‍ഗ്രസ്സ് ഓഫീസ് അടച്ചുപൂട്ടിയ സംഭവവും പാര്‍ട്ടിയെ ചെറുതായല്ല ക്ഷീണിപ്പിച്ചത്.

തര്‍ക്കങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിച്ചുവരുന്നതിനിടെയാണ് ഡി സി സി വൈസ് പ്രസിഡന്റ്്സ്ഥാനത്ത് നിന്ന് രാജിവെച്ച ജെയിംസ് പന്തമാക്കന്‍ ജില്ലാ നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഇതോടെയാണ് ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ കെ പി സി സി തീരുമാനിച്ചത്.

ഇതിന് പറമെ, ജില്ലയിൽ പലയിടത്തും വിമതശല്യവും രൂക്ഷമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം ഡി സി സി ഓഫീസിലെ കൈയാങ്കളി വരെയെത്തിച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് വിമതരുടെ എണ്ണം കൂടുതല്‍. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍ രംഗത്തുണ്ട്. അനുരഞ്ജന ചര്‍ച്ചയിലൂടെ ഇവരെ മത്സരരംഗത്ത് നിന്ന് മാറ്റാന്‍ നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

അതേസമയം, വിമതശല്യം തങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് യു ഡി എഫ് ജില്ലാ- സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വരെ ചിലര്‍ ഭീഷണി മുഴക്കിക്കിയിട്ടുണ്ട്്്. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും സ്ഥിതിഗതികള്‍ സങ്കീര്‍ണമായി തുടരുകയാണെന്നതാണ് നിലവിലെ സ്ഥിതി.

Latest