Kerala
പോരിന് വീര്യം കൂടും; കണ്ണൂര്‍ പിടിക്കാന്‍ കെ സുധാകരനും ഇ പി ജയരാജനും നേർക്കുനേര്‍
ആകെയുള്ള 71 പഞ്ചായത്തുകളില്‍ 56ഉം എൽ ഡി എഫിനൊപ്പമാണ്. 14 പഞ്ചായത്തുകൾ മാത്രമാണ് യു ഡി എഫ് ഭരിക്കുന്നത്.
കണ്ണൂര്‍ | കേരള രാഷ്ട്രീയത്തിലെ ബദ്ധശത്രുക്കളായി അറിയപ്പെടുന്നവരാണ് ഇ പി ജയരാജനും കെ സുധാകരനും. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ രണ്ട് പേര്‍ക്കും തുല്യസ്ഥാനമാണ്. സി പി എമ്മിനെയും കോണ്‍ഗ്രസ്സിനെയും കണ്ണൂരില്‍ നയിച്ചവരാണ് ഇരുവരും. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷ കാലത്ത് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്നവരാണ് ഇ പിയും കെ എസും. രണ്ട് പേര്‍ക്കും വലിയ അനുയായി വൃന്ദങ്ങളുമുണ്ട്.
ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകശ്രമവും തുടര്‍ന്നുള്ള രാഷ്്ട്രീയ വിവാദങ്ങളും കണ്ണൂരിനെ ദേശീയ ശ്രദ്ധയിലെത്തിച്ചത് ഇരുവരുടെയും അടിച്ചും തിരിച്ചടിച്ചുമുള്ള പോരാട്ട കാലത്താണ്. വീണ്ടും രണ്ട് പേരും നേര്‍ക്കുനേര്‍ എത്തുകയാണ്, കണ്ണൂര്‍ പിടിക്കാന്‍.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒഴികെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനൊപ്പമാണ് ജില്ല. ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ആധിപത്യം എൽ ഡി എഫിനാണ്. കോര്‍പറേഷനില്‍ മാത്രമാണ് യു ഡി എഫിന് ആശ്വാസ വിജയമുണ്ടാകാറുള്ളത്.
ആകെയുള്ള 71 പഞ്ചായത്തുകളില്‍ 56ഉം എൽ ഡി എഫിനൊപ്പമാണ്. 14 പഞ്ചായത്തുകൾ മാത്രമാണ് യു ഡി എഫ് ഭരിക്കുന്നത്. ഒമ്പത് നഗരസഭകളില്‍ ആറിലും എൽ ഡി എഫാണ് ഭരണചക്രം തിരിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടിടത്ത് മാത്രമാണ് യു ഡി എഫ് ജയിച്ചത്. പ്രതിപക്ഷമില്ലാതെ എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയും 11 പഞ്ചായത്തുകളും കണ്ണൂരിലുണ്ട്.
കണ്ണൂര്‍ കോർപറേഷന്‍ ഇത്തവണ എന്ത് വിലകൊടുത്തും പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇടത് മുന്നണി കളത്തിലിറങ്ങുന്നത്. കോർപറേഷന്റെ പ്രഥമ മേയര്‍ സി പി എമ്മിലെ ഇ പി ലതയായിരുന്നു. കോണ്‍ഗ്രസ്സ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍ ഡി എഫിന് അന്ന് ഭരണം ലഭിച്ചത്. എന്നാല്‍, ഭരണം പകുതി പിന്നിട്ടപ്പോള്‍ പി കെ രാഗേഷ് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുകയും ഭരണം യു ഡി എഫിന് ലഭിക്കുകയും ചെയ്തു. പ്രഥമ ഭരണം കൈയില്‍ കിട്ടിയിട്ടും പാതിവഴിയില്‍ ഒഴിയേണ്ടിവന്നതിന്റെയും രണ്ടാം തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടതിന്റെയും ക്ഷീണം ഇത്തവണ തീര്‍ക്കുമെന്ന വാശിയിലാണ് എൽ ഡി എഫ്.
കേരളത്തില്‍ യു ഡി എഫ് ഭരണമുള്ള ഏക കോര്‍പറേഷൻ കണ്ണൂരാണ്. ഭരണം നിലനിര്‍ത്താനാണ് യു ഡി എഫ് ശ്രമം. ഇത്തവണ യു ഡി എഫിന് കടുത്ത വെല്ലുവളി ഉയര്‍ത്തി 17 വാര്‍ഡുകളിലാണ് വിമതരുള്ളത്. പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ സംരക്ഷണ സമിതി 12 സീറ്റുകളിലും ലീഗ് വിമതര്‍ രണ്ട് സീറ്റുകളിലും മറ്റ് കോണ്‍ഗ്രസ്സ് വിമതര്‍ മൂന്ന് സീറ്റുകളിലും മത്സരിക്കുന്നു. ഇതാണ് യു ഡി എഫിനെ കുഴക്കുന്നത്.
തിരഞ്ഞെടുപ്പ് ചുക്കാന്‍ കെ സുധാകരനെ ഏല്‍പ്പിക്കാന്‍ കാരണം ഇതുതന്നെയാണ്. സുധാകരന്റെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ് കണക്ക് കൂട്ടുന്നു. വിമത ശല്യമുള്ള വാര്‍ഡുകളില്‍ കെ സുധാകരന്‍ തന്നെ നേരിട്ടിറങ്ങും. യു ഡി എഫിന്റെ വിമത സ്ഥാനാർഥികള്‍ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ഇടത് വിലയിരുത്തല്‍.
സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ തന്നെ നേരിട്ടിറങ്ങിയാണ് കോർപറേഷനിലെ പടയൊരുക്കം. കഴിഞ്ഞ തവണ നേരിയ വോട്ട് വ്യത്യാസത്തില്‍ നഷ്ടപ്പെട്ട വാര്‍ഡുകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. ഇ പിയുടെ നെതൃപാടവം പ്രചാരണ രംഗത്തും പ്രവര്‍ത്തനത്തിലും ഗുണം ചെയ്യുമെന്ന് ഇടത് മുന്നണി കണക്ക് കൂട്ടുന്നു. ഏതായാലും ഇ പിയുടെയും കെ എസിന്റെയും വരവോടെ കണ്ണൂര്‍ കോർപറേഷനില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വീര്യം കൂടും.




