Kerala
വിമത സ്ഥാനാര്‍ഥിയെ കൊല്ലുമെന്നു ഭീഷണിമുഴക്കിയ സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു
അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി രാമകൃഷ്ണനെയാണ് ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്
പാലക്കാട് | അട്ടപ്പാടി അഗളിയില്‍ വിമതനായി മത്സരിക്കാനിറങ്ങിയ മുന്‍ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ സി പി എം ലോക്കല്‍ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. ഭീഷണിയുടെ പേരില്‍ ജംഷീറിനെതിരെ പര്‍ട്ടി നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നു മാറ്റിയിരുന്നു.
അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി രാമകൃഷ്ണനെയാണ് ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു രാമകൃഷ്ണന്‍ പാര്‍ട്ടിയില്‍ അഴിമതി നടക്കുന്നതായി ആരോപിച്ചാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറായത്.
അട്ടപ്പാടി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്ന സി പി എമ്മിന് രമാകൃഷ്ണന്‍ വിമതനായി രംഗത്തിറങ്ങിയത് ഭീഷണിയായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്. രമകൃഷ്ണനുമായി അനുനയ ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ലോക്കല്‍ സെക്രട്ടറി ഭീഷണി മുഴക്കിയത്.


