Connect with us

Ongoing News

ഇന്ത്യ തരിപ്പണം; ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ വൈറ്റ് വാഷ്

രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

Published

|

Last Updated

ഗുവാഹത്തി | ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനാണ് ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് തൂത്തുവാരി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-489, 260-5, ഇന്ത്യ 201-140. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ പരമ്പര പൂര്‍ണമായി അടിയറ വെക്കുന്നത് മൂന്നാമത്തെ മാത്രം തവണയും. 2000ല്‍ ദക്ഷിണാഫ്രിക്കയും 2024ല്‍ ന്യൂസിലന്‍ഡുമാണ് ഇതിനു മുമ്പ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തത്.

ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 549 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ അവസാന ദിവസം ലഞ്ചിന് മുമ്പ് തന്നെ അടിയറവ് പറഞ്ഞു. 140 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. മത്സരം സമനിലയിലാക്കാനുള്ള പോരാട്ടവീര്യം പോലും ഇന്ത്യന്‍ താരങ്ങള്‍ കാണിച്ചില്ല. ടെസ്റ്റ് ചരിത്രത്തല്‍ തന്നെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. രവീന്ദ്ര ജഡേജ (54) മാത്രമാണ് രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യക്കായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. സായ് സുദര്‍ശന്‍ (14), നായകന്‍ റിഷഭ് പന്ത് (13), വാഷിംഗ്ടണ്‍ സുന്ദര്‍ (16) റണ്‍സെടുത്ത് പുറത്തായി. അഞ്ചുപേര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കത്തിലെത്തിയത്.

37 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് കടപുഴക്കിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ തരിപ്പണമാക്കിയത്. മാര്‍ക്കോ യാന്‍സന്‍ രണ്ടും സെനുരാന്‍ മുത്തുസാമി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Latest