Connect with us

Uae

യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും

റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ശൈഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും

Published

|

Last Updated

അബൂദബി| യുഎഇ അൻപത്തിനാലാമത് ദേശീയദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ രാജ്യത്തിന്  സംഗീതാദരവുമായി പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സും. റഹ്മാൻ സംഗീത സംവിധാനം ചെയ്ത്, ബുർജീൽ രൂപം നൽകിയ ഗാനം ‘ജമാൽ അൽ ഇത്തിഹാദ്’ രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ശൈഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29 – ന് അവതരിപ്പിക്കും. വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ, രണ്ട് തവണ അക്കാഡമി അവാർഡും, ഗ്രാമി അവാർഡും നേടിയ റഹ്മാൻ തന്റെ സംഘത്തോടൊപ്പം രാത്രി 9:30-ന് ഗാനം അവതരിപ്പിക്കും.
ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ ‘ജമാൽ’ ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന ഷെയ്ഖ് സയ്ദ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്നായി മാറും.  മ്യൂസിക് ബാൻഡ് പെർഫോമൻസും,  നൃത്താവതരണങ്ങൾക്കുമൊപ്പം രാത്രി പത്ത് മണിക്ക് പ്രത്യേക വെടിക്കെട്ടും നടക്കും.
രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധമുള്ള ശൈഖ് സായിദ് ഫെസ്റ്റിവലിൽ ‘ജമാൽ’ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “യുഎഇയുടെ മൂല്യങ്ങളും ഐക്യബോധവുമാണ് ജമാൽ അൽ ഇത്തിഹാദിന്റെ ഉള്ളടക്കം. രാഷ്ട്രം ദേശീയ ദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുന്ന വേളയിൽ, പൊതുജനങ്ങളുമായി ഈ ഗാനം  പങ്കിടുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ശൈഖ് സായിദ് ഫെസ്റ്റിവൽ. കലാ-സാംസ്കാരിക ആവിഷ്കാരത്തിലൂടെ സമൂഹങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ബുർജീൽ ഹോൾഡിങ്സിന് ഏറെ സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റൽ റിലീസ്  എ.ആർ. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിലൂടെ  നടക്കും.

 

---- facebook comment plugin here -----

Latest