Connect with us

Kerala

കേരളത്തിലെ എസ്ഐആറിന് സ്റ്റേ ഇല്ല; ഹരജികള്‍ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി|കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശവും നല്‍കി. കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടര്‍മാര്‍ അടക്കം എസ്ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അതേസമയം കമ്മീഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 9ന് ഹരജികള്‍ വീണ്ടും പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ഡിസംബര്‍ നാലിന് എസ്‌ഐആര്‍ നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡിസംബര്‍ 2ന് ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

 

Latest