Kerala
ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടു
വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്
തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടു. വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്. പ്രണയിതാക്കളായിരുന്ന ഇവരുടെ വിവാഹം ആറ് മാസം മുന്‍പാണ് നടന്നത്.
ഷാരോണിന്റെ അമ്മ ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാനായി പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ഷാറോണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോണ്‍ അര്‍ച്ചനയെ നിരന്തരം ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

