Connect with us

From the print

കരട് കരടായി ഇരിക്കും; ലേബര്‍ കോഡ് നടപ്പാക്കില്ലെന്ന് മന്ത്രി

കേന്ദ്ര തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ആശങ്കകള്‍ സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം. കേന്ദ്ര തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആശങ്കകള്‍ സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കും. ലേബര്‍ കോഡിന്റെ കരട് വിജ്ഞാപനം രഹസ്യമാക്കി വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അടുത്ത മാസം 19ന് ലേബര്‍ കോണ്‍ക്ലേവ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരെ ക്ഷണിക്കും. ലേബര്‍ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതില്‍ ഇടപെടാന്‍ സാധിക്കും തുടങ്ങിയ ചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. കോഡ് നടപ്പാക്കിയതിന് ശേഷം കേന്ദ്രം വിളിച്ച യോഗത്തില്‍ ലേബര്‍ സെക്രട്ടറി മിനി ആന്റണിയാണ് പങ്കെടുത്തത്. ഈ യോഗത്തില്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചട്ടം തയ്യാറാക്കി സര്‍ക്കാറിന്റെ അംഗീകാരത്തിന് നല്‍കിയത്. ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനും തൊഴിലാളി സംഘടനകളുടെ അഭിപ്രായം അറിയാനും 2022 ജൂലൈ രണ്ടിന് തിരുവന്തപുരത്ത് ശില്‍പ്പശാല നടത്തി കരട് വിതരണം ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എല്ലാ യൂനിയന്‍ നേതാക്കളും സെമിനാറില്‍ പങ്കെടുത്തിരുന്നു. പലരും അഭിപ്രായം അറിയിക്കുകയും ചെയ്തു. കരടിലെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ ഒഴിവാക്കാനുള്ള ചുമതല മന്ത്രിയെ ഏല്‍പ്പിച്ചിരുന്നു. കേന്ദ്രം ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതിനാല്‍ മൂന്ന് വര്‍ഷമായി സംസ്ഥാനം തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. കരട് കരടായി തന്നെ ഇരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ബി എം എസ് പ്രതിനിധി എതിര്‍പ്പൊന്നും അറിയിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. വിവിധ യൂനിയനുകളെ പ്രതിനിധാനം ചെയ്ത് എളമരം കരീം, ടി പി രാമകൃഷ്ണന്‍, ആര്‍ ചന്ദ്രശേഖരന്‍, വി ജെ ജോസഫ്, കെ പി രാജേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബാബു ദിവാകരന്‍, റഹ്മത്തുല്ല, സോണിയ ജോര്‍ജ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

Latest