Connect with us

vazhivilakku

രോഗികളറിയേണ്ട രഹസ്യങ്ങള്‍

ചികിത്സ തേടല്‍ സുന്നത്താണ് എന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മരുന്നാകാം, മന്ത്രമാകാം. എന്നാല്‍ മതനിയമങ്ങള്‍ പാലിക്കണം. ഡോക്ടറെ തിരഞ്ഞെടുക്കുന്നതിലും മരുന്ന് കഴിക്കുന്നതിലും മന്ത്രിക്കുന്നതിലും മതനിയമങ്ങളുണ്ട്, മറികടക്കരുത്. അതോടൊപ്പം ക്ഷമ കൈവിടാതിരിക്കണം.

Published

|

Last Updated

രോഗവും ആരോഗ്യവും അല്ലാഹു മനുഷ്യന് നല്‍കുന്ന പരീക്ഷണങ്ങളാണ്. രണ്ടിനോടും ക്രിയാത്മകമായി പ്രതികരിക്കാന്‍ മനുഷ്യന് സാധിക്കണം. ആരോഗ്യം ലഭിച്ചതിനുള്ള നന്ദി അത് സുകൃതങ്ങള്‍ക്കായി വിനിയോഗിക്കുക എന്നതാണ്. എന്നാല്‍ രോഗിയായാല്‍ എന്താണ് ചെയ്യേണ്ടത്. ക്ഷമിക്കണം. അതിനര്‍ഥം ചികിത്സ പാടില്ല എന്നല്ല.

ചികിത്സ തേടല്‍ സുന്നത്താണ് എന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മരുന്നാകാം, മന്ത്രമാകാം. എന്നാല്‍ മതനിയമങ്ങള്‍ പാലിക്കണം. ഡോക്ടറെ തിരഞ്ഞെടുക്കുന്നതിലും മരുന്ന് കഴിക്കുന്നതിലും മന്ത്രിക്കുന്നതിലും മതനിയമങ്ങളുണ്ട്, മറികടക്കരുത്. അതോടൊപ്പം ക്ഷമ കൈവിടാതിരിക്കണം. രോഗം ചിലപ്പോള്‍ നമ്മെ കിടത്തിക്കളയും. ചിലപ്പോള്‍ അസഹ്യമായ വേദനയുണ്ടാകും. മരുന്നിലേക്കെത്താന്‍ സമയം പിടിക്കും. മരുന്ന് കഴിച്ചാല്‍ തന്നെയും സുഖം പ്രാപിക്കാന്‍ കാലതാമസമുണ്ടാകും. ചികിത്സയുടെ ഘട്ടങ്ങള്‍ താണ്ടുമ്പോഴും ക്ഷമയുടെ കരുത്ത് കാണിക്കണം. നിലവിളിയും പായാരം പറച്ചിലുമെല്ലാം തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ക്ക് എതിരാണ്.

രോഗത്തിന്റെ ആത്മീയ സാരമറിയുമ്പോഴേ നമ്മില്‍ ക്ഷമയും പ്രതീക്ഷയും നാമ്പെടുക്കുകയുള്ളൂ. അനേകം ഹദീസുകള്‍ രോഗത്തിന്റെ നമുക്കറിയാത്ത രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. ഹദീസ് ഗ്രന്ഥങ്ങളില്‍ രോഗത്തിന്റെ പ്രതിഫലം എന്ന പേരില്‍ തന്നെ ചില അധ്യായങ്ങള്‍ കാണാം. രോഗിയാകുകയും ക്ഷമിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ പ്രതിഫലം നേടിത്തരും എന്നാണ് ഈ തലക്കെട്ട് തന്നെ നമ്മെ ബോധിപ്പിക്കുന്നത്.

ഇമാം ബുഖാരി റിപോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം, ഒരാള്‍ക്ക് അല്ലാഹു നന്മ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവന് പ്രയാസമുണ്ടാകും. രോഗങ്ങള്‍ പാപം പൊറുപ്പിക്കും. രോഗത്തിന്റെയും മറ്റും പേരില്‍ ഈ ലോകത്ത് വെച്ച് അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ പരലോകത്ത് നരകശിക്ഷ ഇല്ലാതാക്കാന്‍ കാരണമാകും എന്ന് പഠിപ്പിക്കുന്ന ഹദീസും കാണാം. രോഗം മൂലം മരണപ്പെടുന്ന ആള്‍ രക്തസാക്ഷിയാണ് എന്നും തിരുവചനങ്ങളിലുണ്ട്. അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: മികച്ച പ്രതിഫലം വലിയ പ്രയാസങ്ങള്‍ക്കൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവര്‍ക്ക് പരീക്ഷണങ്ങള്‍ നല്‍കും. ആ പരീക്ഷണങ്ങളില്‍ അവര്‍ തൃപ്തരായാല്‍ അല്ലാഹുവിന്റെ തൃപ്തിയുണ്ടാകും. അവര്‍ അസഹ്യത കാണിച്ചാല്‍ അല്ലാഹുവിന് അസംതൃപ്തിയുണ്ടാകും. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: വിശ്വാസികളായ സ്ത്രീപുരുഷന്‍മാര്‍ക്ക് ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പ്രയാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അവസാനം അതുകാരണം ഒരു പാപം പോലും ഇല്ലാത്തവരായി അവര്‍ അല്ലാഹുവിനെ കണ്ടുമുട്ടും. തിരുനബി(സ) പറഞ്ഞു: ഇഹലോകത്ത് സൗഖ്യക്കാരായിരുന്നവര്‍, അന്ത്യനാളില്‍ പ്രയാസമനുഭവിച്ചവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് കാണുമ്പോള്‍ അവര്‍ക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് കൊതിക്കും. അവര്‍ ആത്മഗതം ചെയ്യും: ഇഹലോകത്ത് വെച്ച് കത്തികൊണ്ട് എന്റെ തോലുകള്‍ മുറിക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ.

ചുരുക്കത്തില്‍ രോഗം മനുഷ്യന്റെ പദവി ഉയര്‍ത്താനുള്ളതാണ്. ക്ഷമയുടെ പ്രതിഫലം സ്വന്തമാക്കാനുള്ള അവസരമാണ്. പാപങ്ങള്‍ പൊറുപ്പിച്ച് സ്വര്‍ഗപ്രവേശം എളുപ്പമാക്കാനുള്ളതാണ്. അതിനെ ആ അര്‍ഥത്തില്‍ ക്ഷമയുടെ മനസ്സോടുകൂടി കാണാന്‍ ശ്രമിക്കുക. രോഗത്തില്‍ അസഹ്യത പ്രകടിപ്പിച്ചത് കൊണ്ട് ഒന്നും നേടാനില്ല. ക്ഷമ കൊണ്ട് സ്രഷ്ടാവിന്റെ സന്തോഷവും പരലോക വിജയവും സ്വന്തമാക്കാം. ഈ പറഞ്ഞതിന് രോഗം വന്നാല്‍ ചികിത്സിക്കരുത് എന്നര്‍ഥമില്ല. മരുന്നും ആശുപത്രിയും മതവിരുദ്ധമാണെന്നത് മതമറിയാതെ സ്വയം സിദ്ധരായി പ്രഖ്യാപിച്ചവരുടെ അറിവില്ലായ്മ മാത്രമാണ്. തിരുനബി(സ) ചികിത്സ തേടിയതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അതിനാല്‍ നമുക്ക് ചികിത്സ തേടുകയും രോഗശമനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യാം. അതോടൊപ്പം ക്ഷമയോടെ കാത്തിരിക്കാം. സുഖപ്പെടല്‍ ഏറ്റവും അനുയോജ്യമായ സമയത്ത് സ്രഷ്ടാവ് രോഗമുക്തി നല്‍കും. അത് നീളുന്ന കാലമത്രയും പരലോകത്തേക്കുള്ള പ്രതിഫലമാണ് സ്വന്തമാകുന്നത് എന്ന് ആശ്വസിക്കാം. ഇനി രോഗമുക്തി അകലെയാകുകയും മരണം സംഭവിക്കുകയും ചെയ്താല്‍ രക്തസാക്ഷികളുടെ ഗണത്തില്‍പ്പെട്ട സന്തോഷത്തോടെ യാത്രയാകാം.

അബൂഹുറൈറ (റ) നിവേദനം: നബി (സ) ചോദിച്ചു: ‘നിങ്ങള്‍ ആരെയാണ് രക്തസാക്ഷിയായി എണ്ണുന്നത്?’ സ്വഹാബികള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവന്‍.’ അപ്പോള്‍ നബി (സ) പറഞ്ഞു: ‘എങ്കില്‍ എന്റെ സമുദായത്തില്‍ രക്തസാക്ഷികള്‍ വളരെ കുറവായിരിക്കുമല്ലോ.’

സ്വഹാബികള്‍ ചോദിച്ചു: ‘അപ്പോള്‍ ആരാണ് അല്ലാഹുവിന്റെ ദൂതരേ, രക്തസാക്ഷികള്‍?’ നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവന്‍, വയറിനസുഖമുണ്ടായ കാരണത്താല്‍ മരിക്കുന്നവന്‍, മുങ്ങിമരിക്കുന്നവന്‍, കെട്ടിടം ഇടിഞ്ഞുവീണു മരിക്കുന്നവന്‍, പ്രസവസമയത്ത് മരിക്കുന്നവള്‍ (സ്വഹീഹുല്‍ ബുഖാരി, മുസ്‌ലിം).

 

Latest