Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി ; വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന് എഫ്‌ഐആര്‍
വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്
തിരുവനന്തപുരം | ലൈംഗിക പീഡനക്കേസ് ചുമത്തിയതിന് പിറകെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പോലീസ. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
അതേ സമയം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍. വിവിധ ഇടങ്ങളില്‍ എത്തിച്ചു ബലാത്സംഗം ചെയ്തു എന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ ഉണ്ട്. തിരുവനന്തപുരത്തും പാലക്കാടും വെച്ച് മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വലിയമല പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കല്‍ , ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്. ഈ കുറ്റത്തിനും വേറെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ഉടന്‍ അപേക്ഷ നല്‍കും.
ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിന് പുറമെ സുഹൃത്ത് ജോബി ജോസഫും പ്രതിപ്പട്ടികയിലുണ്ട്.




