Kerala
വെല്ലുവിളിച്ച് ഇരയെ പുറത്തെത്തിച്ചത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ; രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ രാഹുല്‍ ആക്രമിച്ചു
കാസര്‍കോട് | ഇരയേയും മാധ്യമങ്ങളേയും വെല്ലുവിളിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പി ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കളെ രാഹുല്‍ ആക്രമിച്ചെന്നും രാഹുലിന് രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാവില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു
ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഉള്ളതിനേക്കാള്‍ വലിയ ജനകീയ സ്വാധീനം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ രാഹുല്‍ ഹീനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പി ആര്‍ വര്‍ക്ക് നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരു ധാര്‍മികതയുണ്ട് ആ ധാര്‍മികമൂല്യങ്ങള്‍ മാനിക്കുന്ന ഒരാള്‍ക്കും രാഹുല്‍ ചെയ്ത പ്രവര്‍ത്തി അംഗീകരിക്കാനാവില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുല്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു
ഇരയെ പുറത്ത് എത്തിച്ചത് രാഹുല്‍ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരന്‍ സ്വയം അതില്ലാതാക്കി.ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത രീതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു




