Uae
ആർ ടി എ സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു
ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും സർവീസ് പ്രൊവൈഡർ സെന്ററുകളും പ്രവർത്തിക്കില്ല.
ദുബൈ| ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിംഗ് സോണുകൾ, പൊതു ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസ്‌പോർട്ട്, വാഹന പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ സമയക്രമമാണ് പുതുക്കിയത്.
ഡിസംബർ ഒന്ന്, രണ്ട് (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും സർവീസ് പ്രൊവൈഡർ സെന്ററുകളും പ്രവർത്തിക്കില്ല.
ഡിസംബർ മൂന്ന് ബുധനാഴ്ച മുതൽ സാധാരണ പ്രവർത്തന സമയം പുനരാരംഭിക്കും. എന്നാൽ ഉമ്മുറമൂൽ, ദേര, അൽ ബർശ, അൽ തവാർ, ആർ ടി എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ദുബൈ മെട്രോ
ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച (നവംബർ 29) രാവിലെ അഞ്ച് മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്ന് വരെയും ഞായറാഴ്ച (നവംബർ 30) രാവിലെ എട്ട് മുതൽ പുലർച്ചെ ഒന്ന് വരെയും സർവീസ് നടത്തും. തിങ്കൾ, ചൊവ്വ (ഡിസംബർ ഒന്ന്, രണ്ട്) ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയായിരിക്കും പ്രവർത്തനം.
ദുബൈ ട്രാം ശനിയാഴ്ച രാവിലെ ആറ് മുതൽ പുലർച്ചെ ഒന്ന് വരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെയും സർവീസ് നടത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ പുലർച്ചെ ഒന്ന് വരെ ട്രാം സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.




