Uae
ദുബൈ വിമാനത്താവളത്തിൽ ഒരു കോടി യാത്രക്കാരെത്തും
നവംബർ 27 മുതൽ ഡിസംബർ 31 വരെ തിരക്ക്
ദുബൈ | ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്‌സ് ബി) കനത്ത തിരക്കിലേക്ക്. ഈ വർഷത്തിന്റെ അവസാന യാത്ര തിരക്കിന് മുന്നോടിയായി നവംബർ 27 മുതൽ ഡിസംബർ 31 വരെ ഒരു കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ ദിനത്തിന്റെ അവധിയുടെ തിരക്ക് വർധിച്ചു തുടങ്ങും. ഈ സമയത്ത് പ്രതിദിന യാത്രക്കാരുടെ എണ്ണം 2,94,000 കവിയുമെന്നാണ് കണക്കാക്കുന്നത്. ഡിസംബറിൽ ഇത് 3,00,000-ൽ അധികമായി ഉയരും. ഡിസംബർ 20 ശനിയാഴ്ച 3,03,000 യാത്രക്കാരുമായി ഏറ്റവും തിരക്കുള്ള ദിവസമായിരിക്കുമെന്നും അധികൃതർ പ്രവചിച്ചു.
ഇതേതുടർന്ന് ദുബൈ എയർപോർട്ട്സ് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുഗമമായ യാത്ര ഉറപ്പാക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. ഈ വലിയ യാത്രക്കാരുടെ ഒഴുക്ക് ദുബൈയുടെ ആഗോള ആകർഷണത്തിന്റെ ശക്തമായ സൂചനയാണെന്ന് ദുബൈ എയർപോർട്ട്സ് സി ഇ ഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഈ തിരക്കേറിയ സീസണിൽ ലോകോത്തര നിലവാരത്തിലുള്ള യാത്രാനുഭവം നൽകാൻ ഡി എക്‌സ് ബി പൂർണമായി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.




