International
ഹോങ്കോങ് തീപ്പിടുത്തം; മരണം 94 ആയി, പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം
200 ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല
ഹോങ്കോങ് | ഹോങ്കോങിലെ തായ് പോയിലെ വാങ് ഫുക് കോര്‍ട്ട് പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 94 ആയി ഉയര്‍ന്നു. 100ലേറെ പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടര്‍മാരെയും ഒരു എന്‍ജിനീയറെയും അറസ്റ്റ് ചെയ്തു. 20 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്‌ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങള്‍ക്കു പുറമേ കെട്ടിയ മുളങ്കാലുകളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തില്‍ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 32 നില കെട്ടിടത്തിലാണ് തീപടര്‍ന്നത്.



