International
ചൈനയില്‍ ട്രെയിന്‍ ഇടിച്ച് 11 റെയില്‍വെ ജീവനക്കാര്‍ മരിച്ചു; അപകടം പരീക്ഷണ ഓട്ടത്തിനിടെ
. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
ബീയ്ജിംഗ് | ചൈനയില്‍ പരീക്ഷണയോട്ടം നടത്തിയ ട്രെയിന്‍ ഇടിച്ച് 11 റെയില്‍വേ ജീവനക്കാര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്മിംഗ് നഗരത്തിലാണ് സംഭവം.
ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്. ഭൂചലനങ്ങള്‍ രേഖപ്പെടുത്താന്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിന്‍ ഓടിച്ചത്.
ട്രെയിന്‍ കുന്മിംഗ് പട്ടണത്തിനരികിലെ ട്രാക്കില്‍ വച്ച് നിര്‍മാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാല്‍ ട്രെയിന്‍ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ സെജിയാംഗില്‍ 2011ലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 40 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ല്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവിലെ ലാന്‍ഷൂ-സിന്‍ജിയാങ് റെയില്‍വേയിലെ തൊഴിലാളികള്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു



