International
കീഴടങ്ങാന്‍ ശ്രമിക്കവെ രണ്ട് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊന്നു
തങ്ങള്‍ നിരായുധരാണെന്ന് തെളിയിക്കാനായി ഇരുവരും ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചുവെങ്കിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു
ജെനിന്‍ | അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ നടന്ന റെയ്ഡിനിടെ, സൈന്യത്തിന് കീഴടങ്ങാന്‍ ശ്രമിച്ച രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. സൈന്യം എത്തിയപ്പോള്‍ തങ്ങള്‍ നിരായുധരാണെന്ന് തെളിയിക്കാനായി ഇരുവരും ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചുവെങ്കിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.അല്‍-മുന്‍തസിര്‍ ബില്ല അബ്ദുള്ള (26), യൂസഫ് അസാസ (37) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം, ജെനിന്‍ മേഖലയിലെ ‘ഭീകര ശൃംഖലയുമായി ബന്ധമുള്ള’ പിടികിട്ടാപ്പുള്ളികളെ സൈന്യം പിന്തുടര്‍ന്നുവെന്നും മണിക്കൂറുകള്‍ നീണ്ട കീഴടങ്ങല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നുമാണ് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്.
വെടിവയ്പ്പിനെ ക്രൂരമായ നിയമവിരുദ്ധ കൊലപാതകങ്ങള്‍ എന്നും ആസൂത്രിതമായ ഇസ്‌റാഈലി യുദ്ധക്കുറ്റമെന്നുമാണ് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇസ്‌റാഈലിന്റെ കൊലപാതക പരമ്പര തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അവിരില്‍ നിന്നും പ്രതീക്ഷിച്ചത് പോലെ തന്നെയാണ് ഇസ്‌റാഈല്‍ സേന പ്രവര്‍ത്തിച്ചതെന്നാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൊലപാതകങ്ങളെ വിശേഷിപ്പിച്ചത്. തീവ്രവാദികള്‍ മരിക്കേണ്ടവരാണെന്നും മന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.



