Uae
ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന് രാജ്യം ഒരുങ്ങി
ജനങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
അബൂദബി| 54-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. “യുണൈറ്റഡ്’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികൾ. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജനങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറും.
ദേശീയ ദിനത്തിലെ പ്രധാന ഔദ്യോഗിക ചടങ്ങുകൾ എല്ലാ എമിറേറ്റുകളിലും തത്സമയം പ്രദർശിപ്പിക്കും. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന പരിപാടികൾക്കാണ് ഇത്തവണ മുൻഗണന നൽകുന്നത്.
ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത അവധി ദിവസങ്ങൾ കൂടി ലഭിക്കുന്നതോടെ നീണ്ട ഇടവേളയാണ് താമസക്കാർക്ക് ലഭിക്കുക.
അബൂദബിയിലും ദുബൈയിലും വർണാഭമായ വെടിക്കെട്ടുകൾ
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ വെടിക്കെട്ടുകൾ നടക്കും. അബൂദബിയിലെയും ദുബൈയിലെയും പ്രധാന കേന്ദ്രങ്ങളിൽ ആകാശം വർണവിസ്മയങ്ങളാൽ നിറയും. യാസ് ഐലൻഡ്, എമിറേറ്റ്‌സ് പാലസ്, ഗ്ലോബൽ വില്ലേജ്, ബുർജ് ഖലീഫ തുടങ്ങി വിവിധയിടങ്ങളിൽ കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അബൂദബിയിൽ യാസ് ഐലൻഡിൽ ഡിസംബർ രണ്ട്, മൂന്ന് തീയ്യതികളിൽ രാത്രി ഒമ്പതിന് വെടിക്കെട്ട് നടക്കും. എമിറേറ്റ്‌സ് പാലസിൽ ഡിസംബർ രണ്ടിന് രാത്രി 9.15നും ബവാബത്ത് അൽ ശർഖ് മാളിൽ രാത്രി എട്ടിനുമാണ് വെടിക്കെട്ട്. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ പരേഡുകൾക്കും സാംസ്‌കാരിക പരിപാടികൾക്കും പുറമെ വെടിക്കെട്ടും ലേസർ ഷോകളും അരങ്ങേറും. അൽ ദഫ്റയിലെ അൽ മുഗൈറ ബേയിലും ആഘോഷങ്ങളുണ്ടാകും.
ദുബൈയിൽ ഗ്ലോബൽ വില്ലേജിൽ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാത്രി ഒമ്പതിന് വെടിക്കെട്ട് നടക്കും. ബുർജ് ഖലീഫയിൽ ദേശീയ ദിനത്തിൽ പ്രത്യേക വെടിക്കെട്ടും ദീപാലങ്കാരവുമുണ്ടാകും. ഫെസ്റ്റിവൽ ബേയിലും ഹത്തയിലും ഡിസംബർ രണ്ടിന് രാത്രി എട്ടിന് വെടിക്കെട്ട് ആസ്വദിക്കാം. ബ്ലൂവാട്ടേഴ്‌സ്, ജെ ബി ആർ ബീച്ച്, അൽ സീഫ് എന്നിവിടങ്ങളിൽ ഡിസംബർ രണ്ടിന് രാത്രി ഒമ്പതിനാണ് വെടിക്കെട്ട്. റിവർലാൻഡിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ രാത്രി 9.30നും വെടിക്കെട്ട് നടക്കും.
ദുബൈയിൽ മൂന്ന് ദിവസം പൊതു പാർക്കിംഗ് സൗജന്യം
“ഈദ് അൽ ഇത്തിഹാദി’നോട് അനുബന്ധിച്ച് ദുബൈയിൽ മൂന്ന് ദിവസം പൊതു പാർക്കിംഗ് സൗജന്യം ലഭിക്കും. നവംബർ 30 ഞായറാഴ്ച മുതൽ ഡിസംബർ ഒന്ന്, രണ്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ പൊതു അവധിക്കാലത്ത് പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. പാർക്കിംഗ് ഫീസ് ഡിസംബർ മൂന്ന് ബുധനാഴ്ച മുതൽ പുനരാരംഭിക്കും. എന്നാൽ മൾട്ടി-സ്റ്റോറി കാർ പാർക്കുകൾക്കും അൽ ഖൈൽ ഗേറ്റ് എൻ-365 പ്രദേശത്തിനും ഈ സൗജന്യം ബാധകമല്ല.
ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 40 ശതമാനം കിഴിവ്
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 40 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് മുതൽ 2026 ജനുവരി ഒമ്പത് വരെ വാഹനമോടിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. ഡിസംബർ ഒന്നിന് മുമ്പ് ചെയ്ത നിയമലംഘനങ്ങൾക്ക് ആണ് കിഴിവ് ബാധകമാകുക. എന്നാൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ കിഴിവ് ലഭിക്കില്ലെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് അധികൃതർ വ്യക്തമാക്കി.
ദേശീയ ദിനം ആഘോഷിച്ച് അബൂദബി നഗരസഭ
54-ാമത് യു എ ഇ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി കേന്ദ്ര ആസ്ഥാനത്തും ബ്രാഞ്ച് കേന്ദ്രങ്ങളിലുമായി ആഘോഷ പരിപാടി സംഘടിപ്പിച്ചു. യു എ ഇയുടെ ഐക്യത്തോടും ദീർഘവീക്ഷണമുള്ള നേതൃത്വത്തോടുമുള്ള ആഴമായ അഭിമാനവും ആദരവും പരിപാടിയിൽ പ്രതിഫലിക്കുന്നതായിരുന്നു പരിപാടികൾ. ആക്ടിംഗ് ഡയറക്ടർ ജനറൽ അഹ്്മദ് ഫാദൽ അൽമുഹൈർബി പരിപാടിയിൽ പങ്കെടുത്തു.
ദുഷ്‌കരമായതെന്ന വാക്ക് യു എ ഇയുടെ നിഘണ്ടുവിൽ ഇല്ലെന്ന് വർഷം തോറും തെളിയിക്കുന്ന രാജ്യമായി യു എ ഇ മാറിയെന്ന് അൽമുഹൈർബി പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സന്തോഷവും അഭിമാനവും പ്രതിഫലിക്കുന്ന വിവിധ സാംസ്‌കാരിക, ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു.



