Kerala
ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍; ഗുരുതര വീഴ്ചയില്‍ കരാറുകാരന് നോട്ടീസ്
ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിലാണ് തേന്‍ എത്തിച്ചതെന്ന് ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തി
പത്തനംതിട്ട | ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളിലെന്ന് കണ്ടെത്തല്‍ . ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിലാണ് തേന്‍ എത്തിച്ചതെന്ന് ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഈ തേന്‍ അഭിഷേകത്തിനു ഉപയോഗിക്കരുതെന്നു നിര്‍ദ്ദേശിച്ചു. ഗുരുതര വീഴ്ച കണ്ടെത്തിയ സംഭവത്തില്‍ കരാറുകാരന് കാരണം കണിക്കല്‍ നോട്ടീസ് നല്‍കി.
അതേ സമയം പരിശോധനയില്‍ തേനിനു ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി.അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്കു ഉപയോഗിക്കാനുള്ള തേന്‍ വിതരണത്തിനുള്ള കരാര്‍ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്‌കോയ്ക്കാണു നല്‍കിയിട്ടുള്ളത്. ആസിഡ് ലേബല്‍ പതിച്ച കന്നാസുകളിലാണ് ഇവര്‍ തേന്‍ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോള്‍ അഷ്ടാഭിഷേകത്തിനും ഗണപതി ഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളില്‍ കൊണ്ടുവന്ന തേന്‍ റെയ്റ്റ്‌കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.




