Ongoing News
വനിതാ ലോകകപ്പ്: ആവേശപ്പോരില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക
മൂന്ന് വിക്കറ്റിനാണ് വിജയം. ഏഴ് പന്തുകള്‍ ശേഷിക്കേയാണ് ദക്ഷിണാഫ്രിക്ക വിജയതീരമണഞ്ഞത്.

വിശാഖപട്ടണം | വനിതാ ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റിനാണ് വിജയം. അവസാന ഓവറുകളില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഏഴ് പന്തുകള്‍ ശേഷിക്കേയാണ് ദക്ഷിണാഫ്രിക്ക വിജയതീരമണഞ്ഞത്. സ്‌കോര്‍: ഇന്ത്യ-251, ദക്ഷിണാഫ്രിക്ക-ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റെയും നാഡിനെ ഡി ക്ലര്‍ക്കിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ലോറ 70ഉം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നാഡിനെ 84 റണ്‍സും നേടി. 54 പന്തുകളിലാണ് ലോറയുടെ 84 പിറന്നത്. ക്ലോയെ ട്രയോണ്‍ നേടിയ 49 റണ്‍സും ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയിട്ടു. ഇന്ത്യക്കു വേണ്ടി സ്‌നേഹ് റാണയും ക്രാന്തി ഗൗഡും രണ്ടുവീതം വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, നല്ലപുറെഡ്ഢി ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിച്ചാ ഘോഷിന്റെ ബാറ്റിംഗ് കരുത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 77 പന്തില്‍ 94 റണ്‍സാണ് റിച്ച അടിച്ചെടുത്തത്. പ്രതിക റാവല്‍ (37), സ്‌നേഹ് റാണ (33), സ്മൃതി മന്ഥാന എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. മൂന്ന് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ക്ലോയെ ട്രയോണ്‍ ആണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ കൂടുതല്‍ മികച്ചു നിന്നത്. മാരിസന്നെ കാപ്പ്, നാഡിനെ ഡി ക്ലെര്‍ക്ക്, നോങ്കുലെക്കോ മ്ലാബ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് സ്വന്തമാക്കി. ടുമി സെക്കുക്കുനെ ഒരു വിക്കറ്റ് നേടി.