International
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; ഗസ്സയിൽ ഇസ്റാഈൽ ആക്രമണം നിലച്ചു
വെടിനിർത്തൽ കരാർ പൂർണമായും പ്രാബല്യത്തിൽ വരാൻ 24 മണിക്കൂറോളം സമയമെടുക്കുമെന്ന് ഇസ്റാഈലി ഉദ്യോഗസ്ഥർ

ഗസ്സ സിറ്റി | ഇസ്റാഈൽ സർക്കാർ ഹമാസുമായുള്ള ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം ഇന്ന് പുലർച്ചെ അംഗീകരിച്ചതിന് പിന്നാലെ ഗസ്സ മുനമ്പിൽ ഇസ്റാഈലിന്റെ വ്യോമാക്രമണങ്ങൾ നിലച്ചതായി റിപ്പോർട്ട്. പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായുള്ള ആദ്യ മണിക്കൂറുകളിൽ ഇസ്റാഈൽ സൈന്യം വ്യോമാക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ കരാർ പൂർണമായും പ്രാബല്യത്തിൽ വരാൻ 24 മണിക്കൂറോളം സമയമെടുക്കുമെന്ന് ഇസ്റാഈലി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതിനാൽ, ആക്രമണങ്ങൾക്ക് ഉണ്ടായ ഈ താൽക്കാലിക വിരാമം സ്ഥിരമാണോ എന്ന് ഇനി കണ്ടറിയണം.
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇസ്റാഈൽ സുരക്ഷാ ക്യാബിനറ്റ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ചത്. കരാർ പ്രകാരം ഐ ഡി എഫ്. ഗസ്സ മുനമ്പിലെ പുതിയ മേഖലയിലേക്ക് പിന്മാറും. ഗസ്സയുടെ ഏകദേശം 53% പ്രദേശത്ത് നിയന്ത്രണം നിലനിർത്തും. ഇതിനുശേഷം 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന നടപടി ഹമാസ് ആരംഭിക്കും.
കൈറോയിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ ഹമാസ് നേരത്തെ തയ്യാറായിരുന്നു.