Kerala
ഒളിവില്‍ കഴിയുന്ന മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പോലീസ് സംഘങ്ങള്‍
രാഹുലുമായി ബന്ധമുള്ളവരെ നോട്ടീസ് നല്‍കി വിളിപ്പിച്ച് വിവരം ശേഖരിക്കും
തിരുവനന്തപുരം | ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പിടികൂടാന്‍ എല്ലാ ജില്ലയിലും പോലീസ് സംഘങ്ങളെ നിയോഗിച്ചു. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് ചോദ്യം ചെയ്യും. നോട്ടീസ് നല്‍കി വിളിപ്പിച്ച ഇവരില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചേക്കുമെന്നാണു കരുതുന്നത്.
ബലാത്സംഗ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. അതുവരെ ഒളിച്ചു കഴിയാനാണ് രാഹുലിന്റെ നീക്കം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് രാഹുല്‍ ഒളിച്ചു കഴിയുന്നതെന്ന നിഗമനത്തിലാണ് പോലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പുതന്നെ പ്രതിയെ പിടികൂടി അഴിക്കുള്ളിലാക്കാനാണ് പോലീസിന്റെ ഊര്‍ജ്ജിത നീക്കം.
കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ കീഴില്‍ രൂപീകരിച്ച പ്രത്യേക സംഘവും ഓരോ ജില്ലയിലും നിയോഗിച്ച സംഘങ്ങളും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ കൃത്യമായി ആശയ വിനിമയം നടത്തി മുന്നോട്ടു പോവുകയാണ്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയയാണ് പ്രതിക്കായുള്ള തിരച്ചില്‍ ഏകോപിപ്പിക്കുന്നത്. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചില്‍ പുരോഗമിക്കുകയാണ്.
പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞ ദിവസം നടന്ന വ്യാപക പരിശോധനയില്‍ പോലീസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. രാഹുലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്. ഒളിവ് കേന്ദ്രത്തെക്കുറിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ഒറ്റുകൊടുക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ഒളിവിടം മാറാതെ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലത്തു തന്നെ ബാഹ്യ ലോകവുമായി ബന്ധപ്പെടാതെ ഒളിച്ചു കഴിയുകയാണ് രാഹുല്‍ എന്നാണ് പോലീസ് നിഗമനം.




