articles
കർണാടകയിലെ അധികാരത്തർക്കം ബി ജെ പിക്ക് വഴിയൊരുക്കുമോ?
കോൺഗ്രസ്സ് അധികാരത്തിലിരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഇവിടെ വീഴ്ച സംഭവിച്ചാൽ ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ പ്രതിച്ഛായയെ അത് ബാധിക്കും. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ശിവകുമാർ പാർട്ടി വിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇ ഡിയുടെ അറസ്റ്റും ചോദ്യം ചെയ്യലും തുടരുന്നതിനിടയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ശിവകുമാറിന്റെ പങ്ക് ചെറുതല്ല. പാർട്ടി സീറ്റുകളുടെ എണ്ണം കൂടിയത് പി സി സി അധ്യക്ഷനായ ശിവകുമാറിന്റെ കൂടി ശ്രമഫലമായിരുന്നു.
കർണാടക കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അന്ന് മുതൽ തുടങ്ങിയതാണ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിൽ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള അന്നത്തെ തർക്കം ആവർത്തിക്കുകയാണ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും നിയമിച്ചു കൊണ്ടാണ് ഹൈക്കമാൻഡ് അന്ന് തർക്കം പരിഹരിച്ചത്. രണ്ടര വർഷത്തിനു ശേഷം ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന് അന്ന് പ്രചാരണം ഉണ്ടായിരുന്നു.
ഈ പ്രചാരണത്തെ സിദ്ധരാമയ്യ അന്ന് നിഷേധിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ തർക്കം ആ പ്രചാരണത്തെ ശരിവെക്കുകയാണ്. മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് പാലിക്കണമെന്ന് ഓർമിപ്പിച്ചും ശിവകുമാർ കുറിപ്പിടുകയുണ്ടായി. “വാക്കിന്റെ ശക്തിയാണ് ഏറ്റവും വലിയ ശക്തി. പറഞ്ഞ വാക്ക് പാലിക്കുന്നതാണ് മറ്റെന്തിനേക്കാളും വലിയ കാര്യം. ഏത് പദവിയിൽ ഉള്ളവരാണെങ്കിലും പറഞ്ഞ വാക്കിനെ ബഹുമാനിക്കണം’ ഇതായിരുന്നു ശിവകുമാറിന്റെ കുറിപ്പ്.
മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം പങ്കിടുന്നതിനു കരാറുണ്ടെന്നാണ് കുറിപ്പിലൂടെ ശിവകുമാർ അവകാശപ്പെടുന്നത്. ഈ കരാർ പാർട്ടി പരസ്യപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് പാർട്ടി നേതൃത്വത്തിലെ നാലഞ്ച് പേർക്ക് അറിവുണ്ടെന്ന് ശിവകുമാർ വ്യക്തമാക്കുന്നു. മല്ലികാർജുൻ ഖാർഗെ, രൺദീപ് സുർജേവാല, കെ സി വേണുഗോപാൽ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരായിരുന്നു അവർ.
നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ച ഇപ്പോൾ ശക്തിപ്പെടാൻ കാരണം അന്ന് പറഞ്ഞ കാലാവധി അവസാനിച്ചതിനാലാണ്. ഈ മാസം 20ന് മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യയുടെ രണ്ടര വർഷം പൂർത്തിയായി. എന്നാൽ താൻ തന്നെ അഞ്ച് വർഷവും മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ ഒളിഞ്ഞും തെളിഞ്ഞും ആവർത്തിക്കുകയാണ്. സിദ്ധരാമയ്യയെ സമ്മർദത്തിലാക്കുന്നതിനായി കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ശിവകുമാർ പ്രകടിപ്പിച്ചിട്ടുണ്ട്. കർണാടക സർക്കാറിന്റെ സ്ഥിരതയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം.
ശിവകുമാറിനു പിന്തുണയുമായി ഏതാനും എം എൽ എമാർ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. ശനിയാഴ്ച ഡൽഹിയിൽ ചേരുന്ന പാർട്ടി യോഗത്തിൽ നേതൃമാറ്റത്തെ സംബന്ധിച്ച് തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് അവർ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഇരുവരുമായി ചർച്ച നടത്തുമെന്നാണ് പാർട്ടി പറയുന്നത്.
കർണാടകയിൽ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ്സ് ഹൈക്കമാൻഡ് നിശബ്ദത തുടരുന്നതിൽ പാർട്ടി പ്രവർത്തകർക്ക് ആശങ്കയുണ്ട്. മന്ത്രിസഭാ രൂപവത്കരണം മുതൽ നേതൃമാറ്റത്തെ കുറിച്ച് ചർച്ച നടക്കുകയാണ്. എന്നാൽ ഹൈക്കമാൻഡ് മൗനത്തിലാണ്. ഇത് കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസ്സിനെ ചേർത്തുപിടിച്ച സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളെ നിരാശപ്പെടുത്തുന്നതാണ്. ബി ജെ പി സംഘടനാ തലത്തിൽ ദുർബലമാണെങ്കിലും കലക്കു വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരം അവർ ഉപയോഗപ്പെടുത്താതിരിക്കുകയില്ല. ഡിസംബർ എട്ടിന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി.
കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് മന്ത്രിമാരായ ശിവാനന്ദ പാട്ടീൽ, എം ബി പാട്ടീൽ, എസ് എസ് മല്ലികാർജുൻ, ആർ ബി തിമ്മാപൂർ, ഡോ. ശരപ്രകാശ് പാട്ടീൽ എന്നിവർ വിട്ടുനിന്നു. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിൽ ഏതാനും മന്ത്രിമാർ ഒത്തുകൂടുകയുമുണ്ടായി. ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, സമീർ ഖാൻ, കെ കെ ജോർജ് എന്നീ മന്ത്രിമാരും എം എൽ എമാരായ മഹാദേവപ്പ, വെങ്കിടേഷ് തുടങ്ങിയവരുമാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഒത്തുചേർന്നത്.
കർണാടകയുടെ ചരിത്രത്തിൽ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാർ അപൂർവമാണ്. വീരേന്ദ്രപാട്ടീൽ, എസ് ബംഗാരപ്പ, വീരപ്പ മൊയ്‌ലി, രാമകൃഷ്ണൻ ഹെഗ്‌ഡെ, എച്ച് ഡി ദേവെഗൗഡ, എസ് ആർ ബൊമ്മെ, ആർ ഗുണ്ടറാവു, യെദിയൂരപ്പ തുടങ്ങിയവർ കാലാവധിക്ക് മുമ്പ് പടിയിറങ്ങിയ മുഖ്യമന്ത്രിമാരാണ്. ഇക്കാര്യത്തിൽ കോൺഗ്രസ്സ്, ജനതാ പാർട്ടി, ജനതാദൾ, ബി ജെ പി എന്ന വ്യത്യാസമില്ല. 23 മുഖ്യമന്ത്രിമാരിൽ അഞ്ച് വർഷ കാലാവധി പൂർത്തീകരിച്ചത് മൂന്ന് പേരാണ്. എസ് നിജലിംഗപ്പ (1962-68), ഡി ദേവരാജ് അർസ് (1972-77), സിദ്ധരാമയ്യ (2013-2018) എന്നിവർക്കാണ് കാലാവധി പൂർത്തിയാക്കാൻ സാധിച്ചത്.
കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴോക്കെ സന്യാസി മഠങ്ങളിൽ നിന്ന് സന്യാസിമാരും സമുദായ നോതാക്കളും കളത്തിലിറങ്ങുക പതിവാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനവും മന്ത്രിസ്ഥാനവും വീതംവെക്കാറ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ്. ലിംഗായത്ത്, വൊക്കലിഗ, കുറുബ, വാത്മീകി, നായ്കർ, മാഡിക തുടങ്ങിയ കർണാടകയിലെ ജാതിവിഭാഗങ്ങൾ സംഘടിതരാണ്.
മന്ത്രിസഭകളിലും സ്ഥാനാർഥി നിർണയത്തിലും പ്രാതിനിധ്യം ആവശ്യപ്പെട്ട് ഇവർ രംഗത്ത് വരാറുണ്ട്. ശിവകുമാറിനു വേണ്ടി അദ്ദേഹത്തിന്റെ സമുദായമായ വൊക്കലിഗ നേതാക്കൾ മാധ്യമങ്ങളെ കാണുകയുണ്ടായി. ശിവകുമാറിന് മുഖ്യമന്ത്രിപദം നൽകിയില്ലെങ്കിൽ കോൺഗ്രസ്സ് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വൊക്കലിഗ മഠാധിപതി നിർമലാനന്ദ സ്വാമി മുന്നറിയിപ്പ് നൽകിയത്. പഴയ മൈസൂർ മേഖലയിൽ സ്വാധീനമുള്ള വിഭാഗമാണ് വൊക്കലിഗ സമുദായം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് ഈ മേഖലയിൽ നിന്നാണ്.
ഒ ബി സി വിഭാഗത്തിൽപ്പെട്ട സിദ്ധരാമയ്യക്കും സമുദായ സംഘടനയുടെ പിന്തുണയുണ്ട്. കൂടാതെ വലിയൊരു വിഭാഗം പാർട്ടി എം എൽ എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സിദ്ധരാമയ്യ നേതൃത്വത്തെ വെല്ലുവിളിക്കാൻ ഇടയില്ല. അടുത്ത ബജറ്റ് സമ്മേളനം വരെ മുഖ്യമന്ത്രിയായി തുടരാനുള്ള സാവകാശം അദ്ദേഹം ആഗ്രഹിക്കുന്നു. ശിവകുമാറിന് അധികാരം കൈമാറുന്നതിൽ സിദ്ധരാമയ്യക്ക് എതിർപ്പുണ്ട്. ആഭ്യന്തര മന്ത്രി ജി പരമേശ്വരക്ക് മുഖ്യമന്ത്രിപദം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പരമേശ്വര ദളിത് സമുദായാംഗമാണ്. ദളിത് സമുദായത്തിൽ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പരമേശ്വര അടക്കമുള്ള ദളിത് നേതാക്കൾ കാലങ്ങളായി ആവശ്യപ്പെടുകയാണ്. കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് ദേവരാജ് അരസാണ്. ഏഴ് വർഷവും 238 ദിവസവും. നിലവിൽ മുഖ്യമന്ത്രിയായി മൂന്ന് വർഷം തുടരാൻ സാധിച്ചാൽ ദേവരാജ് അരസിന്റെ റെക്കാർഡ് ഭേദിക്കാൻ സിദ്ധരാമയ്യക്ക് സാധിക്കും.
രാജ്യത്ത് കോൺഗ്രസ്സ് അധികാരത്തിലിരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഇവിടെ വീഴ്ച സംഭവിച്ചാൽ ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ പ്രതിച്ഛായയെ അത് ബാധിക്കും. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ശിവകുമാർ പാർട്ടി വിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇ ഡിയുടെ അറസ്റ്റും ചോദ്യം ചെയ്യലും തുടരുന്നതിനിടയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ കുമാറിന്റെ പങ്ക് ചെറുതല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ സീറ്റുകളുടെ എണ്ണം കൂടിയത് പി സി സി അധ്യക്ഷനായ ശിവകുമാറിന്റെ കൂടി ശ്രമഫലമായിരുന്നു. മുഖ്യമന്ത്രിപദം ലഭിക്കുക എന്നത് ശിവകുമാറിന്റെ അഭിമാന പ്രശ്‌നമാണ്.
നേതൃത്വം വാക്ക് പാലിക്കണമെന്ന അദ്ദേഹത്തിന്റെ കുറിപ്പിന് മുന്നറിയിപ്പിന്റെ സ്വരമുണ്ട്.
മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗം ബി ജെ പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചത് നമ്മൾ കണ്ടു. ഡി കെ ശിവകുമാറും സമാന രീതിയിൽ നീങ്ങിയാൽ ബി ജെ പി ഒരു കൈ സഹായിക്കാതിരിക്കില്ല. ശിവകുമാറിനെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് ബി ജെ പി പറഞ്ഞിട്ടുണ്ട്. 224 അംഗ നിയമസഭയിൽ ബി ജെ പിക്കും ജനതാദൾ എസിനുമായി 89 എം എൽ എമാരുണ്ട്.



