local body election 2025
കാസര്‍കോട്: പ്രചാരണായുധമായി എന്‍ഡോസള്‍ഫാനും വന്യമൃഗശല്യവും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തുന്നു.
കാസര്‍കോട് | എന്‍ഡോസള്‍ഫാന്‍ വിഷയവും മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യവും ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണായുധമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തുന്നു.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താൻ 2017ല്‍ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയും ഫീല്‍ഡ്തല പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തുവന്ന പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് 1,031 പേരാണ്. ഇതിൽ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം കലക്ടര്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും നടപടി ഫയലില്‍ ഒതുങ്ങി.
2017ല്‍ കണ്ടെത്തിയവരെ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് 2024 ജൂലൈ പത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ സൗജന്യ ചികിത്സ പോലും ലഭിച്ചിട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സിറാജിനോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ദുരിതബാധിതരും കുടുംബങ്ങളും കലക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് 1,031 ദുരിതബാധിതരില്‍ അര്‍ഹതയുള്ളവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ 1,905 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു കാരണവുമില്ലാതെ 287 ആയി വെട്ടിക്കുറച്ചെന്നാണ് ആരോപണം. വീണ്ടും സമരം നടത്തിയതിനെ തുടര്‍ന്ന് 76 പേരെയും 2019ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തിന് ശേഷം 18 വയസ്സില്‍ താഴെയുള്ള 511 കുട്ടികളെയും പട്ടികയില്‍ ഉൾപ്പെടുത്തിയെങ്കിലും ബാക്കി വന്ന 1,031 പേരുടെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. 1,031 പേരില്‍ ആരും അനര്‍ഹരായവര്‍ ഇല്ലെന്നും മുഴുവന്‍ പേര്‍ക്കും അര്‍ഹമായ ധനസഹായം ലഭ്യമാക്കണമെന്നുമാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്‍മകജെ, ബദിയടുക്ക, ബെള്ളൂര്‍, കുംബഡാജെ, കാറഡുക്ക, മുളിയാര്‍, പുല്ലൂര്‍- പെരിയ, അജാനൂര്‍, പനത്തടി, കള്ളാര്‍, കയ്യൂര്‍- ചീമേനി ഉള്‍പ്പെടെ 30 പഞ്ചായത്തുകളിലാണ് ദുരിതബാധിതരുള്ളത്. ഇതില്‍ പുല്ലൂര്‍- പെരിയ, അജാനൂര്‍ പഞ്ചായത്തുകളിലാണ് ദുരിതബാധിതര്‍ കൂടുതലുള്ളത്.
വന്യമൃഗങ്ങളുടെ ആക്രമണമാണ് മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ് ആയുധം. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തത് കാരണം മലയോര ജനത അമര്‍ഷത്തിലാണ്. വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് കര്‍ഷക സ്വരാജ് സത്യഗ്രഹ സമിതി നടത്തുന്ന അനിശ്ചിത കാല സമരം തുടരുകയാണ്. ആഗസ്റ്റ് 15ന് തുടങ്ങിയ സമരം ഇന്നലെ 106 ദിവസങ്ങൾ പിന്നിട്ടു.
വ്യത്യസ്ത രാഷ്ട്രീയ- മത- സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് കര്‍ഷക സ്വരാജ് സത്യഗ്രഹ സമിതി. വന്യമൃഗശല്യം ഇല്ലാതാക്കാന്‍ രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും അതിന് പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്നും സത്യഗ്രഹ സമിതി ചെയര്‍മാന്‍ സണ്ണി പൈക്കട പറഞ്ഞു. കേരളത്തിന്റെ മലയോരങ്ങളില്‍ നിന്ന് ഇടനാട്ടിലേക്ക് വരെ വന്യജീവികളുടെ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കെ ഇതിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.



