Business
രാജ്യത്തിന്റെ ജി ഡി പി വളർച്ച രണ്ടാം പാദത്തിൽ 8.2 ശതമാനം
സെക്കൻഡറി (8.1%), ടെർഷ്യറി (9.2%) മേഖലകളാണ് 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ യഥാർത്ഥ ജി ഡി പി വളർച്ചാ നിരക്ക് 8.0% ന് മുകളിലേക്ക് ഉയർത്താൻ പ്രധാനമായും സഹായിച്ചത്.
ന്യൂഡൽഹി | 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2) ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (Real GDP) 8.2% വളർച്ച കൈവരിച്ചതായി ദേശീയ സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവ്വഹണ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിലെ ജിഡിപി വളർച്ച കഴിഞ്ഞ മൂന്ന് മാസത്തെ 7.8 ശതമാനത്തേക്കാൾ മികച്ചതാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.6 ശതമാനമായിരുന്നു.
രണ്ടാം പാദത്തിൽ നോമിനൽ ജി ഡി പി യുടെ വളർച്ചാ നിരക്ക് 8.7% ആയി രേഖപ്പെടുത്തി. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) യഥാർത്ഥ ജി ഡി പി 8.0% വളർച്ച രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ വളർച്ചാ നിരക്ക് 6.1% ആയിരുന്നു.
സെക്കൻഡറി (8.1%), ടെർഷ്യറി (9.2%) മേഖലകളാണ് 2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ യഥാർത്ഥ ജി ഡി പി വളർച്ചാ നിരക്ക് 8.0% ന് മുകളിലേക്ക് ഉയർത്താൻ പ്രധാനമായും സഹായിച്ചത്.
സെക്കൻഡറി മേഖലയിലെ നിർമ്മാണ (9.1%), കൺസ്ട്രക്ഷൻ (7.2%) രംഗങ്ങൾ ഈ പാദത്തിൽ സ്ഥിരവിലയിൽ 7.0% ത്തിൽ അധികം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ടെർഷ്യറി മേഖലയിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ (10.2%) സ്ഥിരവിലയിൽ ഗണ്യമായ വളർച്ചാ നിരക്ക് നിലനിർത്തി.
മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 6.4% വളർച്ചാ നിരക്കിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ യഥാർത്ഥ സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ് (Real PFCE) 7.9% വളർച്ചയാണ് രേഖപ്പെടുത്തിയത്.



