National
ഏഷ്യൻ ശക്തി സൂചികയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം; 'മേജർ പവർ' പദവിയിൽ
'സൂപ്പർ പവറുകൾ' എന്ന പദവിയോടെ അമേരിക്കയും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിലനിർത്തി.
ന്യൂഡൽഹി | ഏഷ്യൻ പവർ ഇൻഡക്സിൽ (Asia Power Index) ഇന്ത്യ മൂന്നാം റാങ്ക് നേടി ‘മേജർ പവർ’ പദവിയിലേക്ക് ഉയർന്നു. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ട് (Lowy Institute) പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടം. ‘ഓപ്പറേഷൻ സിന്ദൂരി’ലെ ഇന്ത്യയുടെ പ്രകടനമാണ് ഈ റാങ്കിംഗിന് പ്രധാനമായും പിന്തുണ നൽകിയത്. ‘സൂപ്പർ പവറുകൾ’ എന്ന പദവിയോടെ അമേരിക്കയും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിലനിർത്തി.
2024 ലെ റിപ്പോർട്ടിൽ 38.1 കോംപ്രിഹെൻസീവ് സ്കോറോടെ ‘മിഡിൽ പവർ’ വിഭാഗത്തിലായിരുന്ന ഇന്ത്യ. ഈ വർഷം 100 ൽ 40 പോയിന്റ് നേടി ‘മേജർ പവർ’ എന്ന പദവിയുടെ പരിധി കടന്നു. ഇൻഡക്സിൽ 38.8 പോയിന്റുള്ള ജപ്പാനെയും 32.1 പോയിന്റുള്ള റഷ്യയെയും മറികടന്ന് ഇന്ത്യ നാലിനും അഞ്ചിനും മുകളിലെത്തി. എങ്കിലും 73.7 പോയിന്റുള്ള ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പോയിന്റ് നന്നേ കുറവാണ്. 80.5 പോയിന്റുമായി അമേരിക്കയാണ് റാങ്കിംഗിൽ ഒന്നാമത്.
സാമ്പത്തിക, സൈനിക ശേഷിയിലെ വളർച്ചയാണ് ഇന്ത്യയുടെ റാങ്കിംഗിന് ആക്കം കൂട്ടിയത്. ആഭ്യന്തര നിക്ഷേപത്തിലെ വർദ്ധനവ് കാരണം സാമ്പത്തിക ബന്ധങ്ങളിൽ ഇന്ത്യ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. അന്താരാഷ്ട്ര ബന്ധങ്ങൾ, സ്വാധീനം, സാങ്കേതിക വികസനം എന്നിവയിലൂടെ ഇന്ത്യയുടെ ഭൗമരാഷ്ട്രീയപരമായ പ്രാധാന്യം വർദ്ധിച്ചതായും ലോവി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
ഇന്ത്യയുടെ സൈനിക ശേഷി സ്ഥിരമായി വളർന്നു. 2025 മെയ് മാസത്തിൽ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിലെ പ്രകടനം, ഇന്ത്യയുടെ സമീപകാല യുദ്ധപരിചയം വർദ്ധിപ്പിച്ചെന്നും അത് ഇന്ത്യയുടെ ശേഷിയെക്കുറിച്ചുള്ള വിദഗ്ദ്ധ വിലയിരുത്തലുകളെ സ്വാധീനിക്കുകയും ചെയ്തുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.
ആകർഷകമായ നിക്ഷേപത്തിന്റെ കാര്യത്തിൽ അമേരിക്ക കഴിഞ്ഞാൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. ഇത് 10 വർഷത്തെ മൊത്തം നിക്ഷേപമാണ് സൂചിപ്പിക്കുന്നത്.
പ്രതിരോധ ശൃംഖലയുടെ കാര്യത്തിൽ ഇന്ത്യയുടെ റാങ്ക് 11 ആയി കുറഞ്ഞു. 2024 ലെ റാങ്കിംഗിനെ അപേക്ഷിച്ച് ഇത് രണ്ട് സ്ഥാനം താഴെയാണ്. ഫിലിപ്പീൻസും തായ്‌ലൻഡുമാണ് ഇന്ത്യയെ മറികടന്നത്.



