local body election 2025
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ചോദ്യം ചെയ്ത് ലീഗ് അണികള്‍
"പരിശുദ്ധ നെയ്യ്' ഇപ്പോള്‍ ശുദ്ധമായി
മലപ്പുറം | 2004, ജമാഅത്തെ ഇസ‌്ലാമിയുടെ കണ്ണ് ഇടത്തോട്ട് ചായുന്ന കാലം. ചന്ദ്രിക പത്രാധിപരും ഇപ്പോഴത്തെ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി പി സൈതലവി ജമാഅത്തെ ഇസ‌്ലാമിയുടെ “ഹുക്കൂമത്തെ ഇലാഹി’യെക്കുറിച്ച് തുറന്ന് എഴുതി. 2004 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 25 വരെ “ചന്ദ്രിക’യില്‍ സി പി സൈതലവി എഴുതിയ 30 ലേഖനങ്ങളുടെ സമാഹാരമാണ് “ജമാഅത്തെ ഇസ‌്ലാമി: ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’.
204 പേജുള്ള ആ പുസ്തകം ജമാഅത്തെ ഇസ‌്ലാമിക്കെതിരെയുള്ള കുറ്റപത്രമായിരുന്നു. തീവ്രവാദത്തിന് ഇലയിട്ടുകൊടുക്കുന്നവര്‍, പള്ളിപ്പിരിവിലെ കള്ളവും ആസ്പത്രി വിറ്റ “മൈത്രി’യും സംഘ്പരിവാറിന് വളംവെക്കുന്ന അഖിലേന്ത്യാ അടവു നയങ്ങള്‍, ഇരുമ്പ് കുടിച്ച വെള്ളവും ജമാഅത്ത് തൊട്ട സ്വത്തും… ഇങ്ങനെ പോകുന്നു അധ്യായങ്ങളുടെ തലക്കെട്ടുകള്‍.
ഈ പുസ്തകം വന്ന് കാലം രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പുസ്തകത്തിന് നല്‍കിയ പേര് ഇപ്പോള്‍ ലീഗിന് പരിശുദ്ധമായിരിക്കുന്നു. പുസ്തകം എഴുതിയ സി പി സൈതലവിയുടെയും ലീഗ് സംസ്ഥാന സെക്രട്ടറിയായ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എയുടെയും ഗ്രാമപഞ്ചായത്തായ മക്കരപ്പറമ്പിലെ എട്ടാം വാര്‍ഡ് വടക്കാങ്ങരയില്‍ യു ഡി എഫ് പിന്തുണയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്.
ഈ സ്ഥാനാര്‍ഥിയുടെയും മങ്കട ബ്ലോക്ക് പഞ്ചായത്ത് വടക്കാങ്ങര ഡിവിഷന്‍ യു ഡി എഫ് സ്ഥാനാർഥി മുസ‌്ലിം ലീഗിന്റെ അഡ്വ. ഹനീഫ പെരിഞ്ചീരിയുടെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തപ്പോള്‍ വടക്കാങ്ങരയിലെ സാധാരണ ലീഗ് പ്രവര്‍ത്തകരും ചോദിച്ചു ഈ നെയ്യ് എന്നാണ് ലീഗിന് പരിശുദ്ധമായതെന്ന്. പുസ്തകത്തിന്റെ കട്ടിംഗ് അടക്കം സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. മക്കരപ്പറമ്പില്‍ മാത്രമല്ല, ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഘടകകക്ഷി എന്ന രീതിയിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ‌്ലിം ലീഗിന്റെ സഹകരണം. മലപ്പുറം വലിയങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മുസ‌്ലിം ലീഗിന്റെയും പതാകകള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഒരുമിച്ചാണ് കെട്ടിയിരിക്കുന്നത്.
മുസ‌്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്കെ പി എ മജീദ് എം എല്‍ എ വോട്ട് ചെയ്യേണ്ടത് വെല്‍ഫെയര്‍ സ്ഥാനാര്‍ഥിക്കാണ്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനില്‍ വെല്‍ഫെയര്‍ പാർട്ടി സ്ഥാനാര്‍ഥി സമീറ തോട്ടോളിയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ജയിച്ച ബ്ലോക്ക് ഡിവിഷനാണിത്. ഇത്തവണ സീറ്റ് കോണ്‍ഗ്രസ്സില്‍ നിന്നും ലീഗ് ഏറ്റെടുത്ത് വെല്‍ഫെയറിന് നല്‍കി. മുസ‌്ലിം ലീഗ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയിലടക്കം പങ്കെടുക്കുന്നത് പ്രവര്‍ത്തകരില്‍ അമർഷം രൂക്ഷമാക്കിയിട്ടുണ്ട്.



