Kerala
ശബരിമലയില്‍ തന്ത്രിമാരുടെ സമാന്തര നെയ് വില്‍പ്പന ഹൈക്കോടതി തടഞ്ഞു
തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്
കൊച്ചി | ശബരിമലയില്‍ മേല്‍ശാന്തിമാരും ഉള്‍ക്കഴകക്കാരും സമാന്തരമായി നെയ് വില്‍ക്കുന്നത് ഹൈക്കോടതി തടഞ്ഞു. മേല്‍ശാന്തിമാരുടെ മുറികളില്‍ സൂക്ഷിച്ച നെയ്യ് ഉടന്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് നൂറ് രൂപയ്ക്ക് നെയ് വില്‍പന നടക്കുന്നതായി സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഈ ഇടപെടല്‍.
ഈ സമാന്തര വില്‍പ്പന നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.നിലവില്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് തന്നെ നെയ് വില്‍പന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് സമാന്തര വില്‍പ്പന.
ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവര്‍ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും കോടതി വ്യക്തമാക്കി. കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണം. നെയ് തേങ്ങയ്ക്ക് അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന്തര സംവിധാനത്തിനു കര്‍ശനമായ വിലക്കാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.


