From the print
തദ്ദേശം ഭാവി സൂചന നല്‍കും; ശരിവെച്ച് ചരിത്രം
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ആരംഭിച്ചത് 1953ൽ
പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമല്ല. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പിന്നാലെ വരുന്നുണ്ട്. അതിന്റെ കാറ്റളക്കാനുള്ള സെമി ഫൈനലാണത്. അതുകൊണ്ടുതന്നെ വിവാദങ്ങളുള്‍പ്പെടെ ആളിക്കത്തിച്ച് ജനങ്ങളുടെ മനസ്സ് കീഴടക്കാനാണ് മുന്നണികളുടെ ശ്രമം.
അപൂർവം ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ഭൂരിഭാഗം തദ്ദേശ തിരഞ്ഞെടുപ്പുകളും തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനമനസ്സ് ആര്‍ക്കൊപ്പമെന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കാറുണ്ട്. അതാണ് മുന്നണികളെ തദ്ദേശ തിരഞ്ഞെടുപ്പിനെ കേരളത്തില്‍ അധികാരം പിടിക്കാനുള്ള ചവിട്ടുപടിയായി കാണാനും പ്രചാരണം കൊഴുപ്പിക്കാനും പ്രേരിപ്പിക്കുന്ന ഘടകം. ഐക്യ കേരളപ്പിറവിക്കും മുമ്പ് 1953ലാണ് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കുന്നത്. പിന്നീട് പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുന്നതിന് മുമ്പ് കേരളത്തില്‍ നാല് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടന്നു. 1991 ലായിരുന്നു ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്ക് കടക്കുന്നതിന് മുന്പത്തെ അവസാന തിരഞ്ഞെടുപ്പ്.
1987ല്‍ അധികാരത്തിലേറിയ ഇ കെ നായനാര്‍ സര്‍ക്കാറാണ് ജില്ലാ കൗണ്‍സിലുകള്‍ രൂപവത്കരിച്ച് ആദ്യ തിരഞ്ഞെടുപ്പ് നടത്തിയത്. ഗള്‍ഫ് യുദ്ധമടക്കം കേരളത്തിലെ നാട്ടിന്‍പുറങ്ങളിൽ ചര്‍ച്ചയായ 1991ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത് തകര്‍പ്പന്‍ വിജയമായിരുന്നു. മിന്നും ജയം നേടിയ ആത്മവിശ്വാസത്തില്‍ ജനവികാരം അനുകൂലമാണെന്ന കണക്കുകൂട്ടലില്‍ ഇ കെ നായനാര്‍ മന്ത്രിസഭ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. പാര്‍ലിമെന്റ്തിരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.
എന്നാല്‍ ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച സംഭവങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അരങ്ങേറി. പ്രചാരണത്തിനിടയില്‍ ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. രാജ്യമെങ്ങും ആഞ്ഞടിച്ച സഹതാപ തരംഗത്തില്‍ കേരളത്തിലും കോണ്‍ഗ്രസ്സ് നേട്ടം കൊയ്തു.ലോക്സഭയിലേക്ക് 16 സീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫ് ഭൂരിപക്ഷം നേടി. 90 സീറ്റുകളോടെ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി. ഇടതുപക്ഷം 50 സീറ്റുകളിലേക്കൊതുങ്ങി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്രെന്‍ഡിന് വിരുദ്ധമായ കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമായിരുന്നു അത്.
ഇതിന് സമാനമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധിയെഴുത്തിന് വിരുദ്ധമായി ജനം വിധിയെഴുതിയ ഒരു സന്ദര്‍ഭം കൂടി കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ടായിട്ടുണ്ട്. 2001ലായിരുന്നു അത്. അന്നും മുഖ്യമന്ത്രി ഇ കെ നായനാരായിരുന്നുവെന്നത് യാദൃശ്ചികമാകാം. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2000ത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഫലം വന്നപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. സ്വാഭാവികമായും നിയമസഭയിലേക്കും തുല്യ പോരാട്ടം നടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത് യു ഡി എഫ് തരംഗമായിരുന്നു. 99 സീറ്റുകളോടെ യു ഡി എഫ് ചരിത്ര ഭൂരിപക്ഷം സ്വന്തമാക്കിയപ്പോള്‍ ഇടതുമുന്നണി 40 സീറ്റുകളിലേക്ക് ഒതുങ്ങി.
പിന്നീട് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലെ അതേ ജനവികാരം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നതാണ് കണ്ടത്. 2005 തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുവന്നുതുടുത്ത കേരളം 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ 98 സീറ്റുകള്‍ നല്‍കി ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചു. വി എസ് മുഖ്യമന്ത്രിയായി.
2010ല്‍ തദ്ദേശ പോരാട്ടത്തില്‍ വലത്തേക്ക് മാറ്റിചവിട്ടിയ വോട്ടര്‍മാര്‍, 2011ല്‍ നടന്ന നിയമസഭയിലും ഐക്യ ജനാധിപത്യ മുന്നണിയെ കൈവിട്ടില്ല. 72 സീറ്റ് സ്വന്തമാക്കിയ യു ഡി എഫ് അധികാരത്തിലേറി. 2015ല്‍ ജനം വീണ്ടും ഭരണമാറ്റത്തിന്റെ സൂചന നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 549 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 694 തദ്ദേശ സ്ഥാപനങ്ങളില്‍ ഇടത് ആധിപത്യം ഉറപ്പിച്ചു. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇടതുപക്ഷം നേടിയത് 91 സീറ്റുകള്‍.
പൊതുവേ മുന്നണികള്‍ക്ക് മാറിമാറി അവസരം നല്‍കുന്ന കേരളം മാറി ചിന്തിക്കാന്‍ പോകുന്നതിന്റെ ലക്ഷണം 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായിരുന്നു. എന്നാൽ 2021ല്‍ 99 സീറ്റുകളുമായി പിണറായി സര്‍ക്കാറിന് രണ്ടാമൂഴം. 2015- 16 തിരഞ്ഞെടുപ്പുകളില്‍ തദ്ദേശതലത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയ ബി ജെ പിയുടെ വോട്ട് ശതമാനം നിയമസഭയിലും വര്‍ധിച്ചു.
2020ല്‍ ഉണ്ടായ ഇടിവും രണ്ടിടത്തും ഒരുപോലെ പ്രതിഫലിച്ചു. വോട്ട് ശതമാനം കുറഞ്ഞ ബി ജെ പിക്ക് ആകെ ഉണ്ടായിരുന്ന നിയമസഭാ സീറ്റും നഷ്ടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെന്നും ചില സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു. അത് 2026ലും ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വിദഗ്ധരും മുന്നണി നേതാക്കളും. പ്രവചനകള്‍ ഫലിക്കുമോ പാളുമോ എന്നൊക്കെ കാത്തിരുന്നു കാണാം.





