From the print
വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ ജാഗ്രത വേണം: സി മുഹമ്മദ് ഫൈസി
മഹല്ലുകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം വഹിക്കുന്നവർ വഖ്ഫ് നിയമത്തിൽ കൃത്യമായ പരിജ്ഞാനം നേടണമെന്നും അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം | വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും കൈയേറ്റം ചെയ്യപ്പെടാതിരിക്കാനും ജാഗ്രത വേണമെന്നും വഖ്ഫിന്റെ ഉദ്ദേശ്യത്തിനനുസരിച്ച് വിനിയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. കേന്ദ്ര വഖ്ഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് വിവരങ്ങൾ അപ്്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും അപ്്ലോഡിംഗ് പ്രക്രിയ സുഗമമാക്കുന്നതിനുമായി മർകസിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ലുകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം വഹിക്കുന്നവർ വഖ്ഫ് നിയമത്തിൽ കൃത്യമായ പരിജ്ഞാനം നേടണമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് ലീഗൽ ഡിപാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശിൽപ്പശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. ഇ കെ മുസ്തഫ സഖാഫി, അഡ്വ. സൈഫുദ്ദീൻ സഖാഫി നേതൃത്വം നൽകി. അഡ്വ. മുഹമ്മദ് ശരീഫ്, മുഹമ്മദലി സഖാഫി വള്ളിയാട്, വി എം റശീദ് സഖാഫി, കെ കെ ശമീം, അക്ബർ ബാദുഷ സഖാഫി, അബ്ദുലത്വീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.





