International
ഇസ്റാഈൽ അധിനിവേശം; ഗസ്സയിൽ മരണം എഴുപതിനായിരം കടന്നു
ഒക്‌ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം നടന്ന ആക്രമണങ്ങളിൽ മാത്രം 356 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സാ സിറ്റി | രണ്ട് വർഷം നീണ്ടുനിന്ന ഇസ്‌റാഈൽ അധിനിവേശത്തിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് എഴുപതിനായിരത്തിലധികം ഫലസ്തീനികൾ. വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇസ്‌റാഈൽ ആക്രമണങ്ങൾ തുടരുന്ന ഗസ്സയിൽ 70,100 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്‌ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം നടന്ന ആക്രമണങ്ങളിൽ മാത്രം 356 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം 301 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സ് (ഐ ഡി എഫ്) ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം നടത്തിയ പരിശോധനകളിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മധ്യ ഗസ്സയിലെ ബുറൈജ് ക്യാമ്പിന് സമീപമുള്ള രണ്ട് കെട്ടിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മാതാപിതാക്കളും നാല് സഹോദരങ്ങളും ഉൾപ്പെടെ 62 ബന്ധുക്കളെ നഷ്ടപ്പെട്ടതായി മോസ് പറഞ്ഞു.
വെടിനിർത്തൽ നിലവിൽവന്നതിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഐ ഡി എഫിന്റെ വാദം. എന്നാൽ, അഞ്ഞൂറോളം തവണ വെടിനിർത്തൽ കരാർ ഇസ്‌റാഈൽ ലംഘിച്ചതായി നേരത്തേ ഗസ്സ ഗവൺമെന്റ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.





