Connect with us

From the print

ഇടതും വലതും ഒരുപോലെ വഴങ്ങും; മൊഞ്ചേറും യാസിറിന്റെ ഈരടികള്‍

ഇമ്പമാര്‍ന്ന ഈരടികളില്‍ യാസിര്‍ ചളിക്കോട് ആലപിക്കുന്ന ഗാനങ്ങള്‍ക്ക് തിരഞ്ഞെടുപ്പടുത്താല്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം വലിയ ഡിമാന്‍ഡാണ്

Published

|

Last Updated

കോഴിക്കോട് | ഇടതായാലും വലതായാലും യാസിറിന് പാട്ടെഴുത്തും ആലാപനവും ഒരുപോലെ വഴങ്ങും. ഇമ്പമാര്‍ന്ന ഈരടികളില്‍ യാസിര്‍ ചളിക്കോട് ആലപിക്കുന്ന ഗാനങ്ങള്‍ക്ക് തിരഞ്ഞെടുപ്പടുത്താല്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം വലിയ ഡിമാന്‍ഡാണ്. വര്‍ഷങ്ങളായി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പാട്ടെഴുതുകയും പാടുകയും ചെയ്യുന്നുണ്ട് ഈ യുവ കലാകാരന്‍.
ഈ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഇതിനകം 75ലധികം സ്ഥാനാര്‍ഥികള്‍ക്കായി ഗാനങ്ങള്‍ എഴുതി ആലപിച്ചു. ഇതിന് പുറമെ നിരവധി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പാട്ടെഴുതി നല്‍കുകയും ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ തന്റെ വാര്‍ഡായ മൂന്നാം വാര്‍ഡിലെ യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി പാട്ടെഴുതി ആലപിച്ചത് യാസിര്‍ തന്നെയാണ്. നാലാം വാര്‍ഡിലും ആറാം വാര്‍ഡിലും ഇടത്, വലത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പാട്ടെഴുതി. തൊട്ടടുത്ത മറ്റ് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്കായും ഗാനമാലപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് 250ഓളം പാട്ടുകളാണ് സ്വന്തമായി എഴുതി പാടിയത്.

കോഴിക്കോടിന് പുറമെ മറ്റ് പല ജില്ലകളിലെയും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും പാട്ടെഴുതാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗാനങ്ങള്‍ എഴുതിപ്പാടി. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ യുവ കലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പ് നേടിയ യാസിര്‍ മികച്ച മാപ്പിളപ്പാട്ട് അധ്യാപകന്‍ കൂടിയാണ്.

നിരവധി വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ മാപ്പിളപ്പാട്ട് പഠിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളിലും എസ് എസ് എഫ് സാഹിത്യോ
ത്സവുകളിലുമുള്‍പ്പെടെ സംസ്ഥാനത്തെ നിരവധി മത്സരങ്ങള്‍ക്ക് ജഡ്ജിയാകാറുണ്ട്. മികച്ച പ്രൊഫഷനല്‍ മാപ്പിളപ്പാട്ട് കലാകാരനായ യാസിര്‍ നിരവധി പൊതുവേദികളിലും മറ്റും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

കല്യാണപ്പാട്ടുകളും ബർത്ത്ഡേ സോംഗുകളും റിട്ടയര്‍മെന്റ്ഗാനങ്ങളും സ്വന്തമായി എഴുതി പാടുന്ന ഇദ്ദേഹം രിഫാഇയ്യ മാപ്പിള കലാ കോച്ചിംഗ് സെന്ററില്‍ നിന്നാണ് മാപ്പിളപ്പാട്ടില്‍ പഠനം പൂര്‍ത്തിയാക്കിയത്. ദഫില്‍ പരിശീലനം നേടിയതും ഇവിടെ നിന്നുതന്നെ.
പരേതനായ ചളിക്കോട് അഹ്‌മദ് കുട്ടി മുസ‌്ലിയാരുടെയും മറിയമിന്റെയും മകനായ യാസിര്‍ 20 വര്‍ഷത്തിലധികമായി മാപ്പിളപ്പാട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വളരെ ചെറുപ്പത്തില്‍ പിതാവ് വീട്ടില്‍ നിന്ന് പാടുന്ന ബദർ പടപ്പാട്ടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കലാരംഗത്തേക്ക് കടന്നുവന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്