Kerala
രാഹുലിനു കുരുക്കു മുറുകുന്നു; ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നു കണ്ടെത്തി
പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. ഡബ്ബിങ്, എ ഐ സാധ്യതകള്‍ പരിശോധനയില്‍ പൂര്‍ണമായി തള്ളി
തിരുവനന്തപുരം | ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നു കണ്ടെത്തി. പബ്ലിക് ഡൊമെയ്നില്‍ നിന്നെടുത്ത ശബ്ദ സാമ്പിളിന്റെ പ്രാഥമിക പരിശോധന രാഹുലിന്റെ കുരുക്കു മുറുക്കുന്നതാണെന്നാണ് എസ് ഐ ടി നല്‍കുന്ന സൂചന. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്.
പകുതിയോളം ശബ്ദരേഖകളുടെ പരിശോധനയാണു പൂര്‍ത്തിയായത്. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. ഡബ്ബിങ്, എ ഐ സാധ്യതകള്‍ പരിശോധനയില്‍ പൂര്‍ണമായി തള്ളി. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും.
ബലാത്സംഗ പരാതിയില്‍ എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ നിര്‍ദ്ദേശ പ്രകാരം രാഹുലിനായി നടക്കുന്ന വ്യാപക പരിശോധനയുടെ ഭാഗമായി പരാതിക്കാരിയുടെ മൊഴിലുള്ള രാഹുലിന്റെ തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ് ഐ ടി സംഘം നടത്തിയത്.
നാലുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഇവിടെയുള്ള സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി കണ്ടെത്തി. പാലക്കാട്ടെ ഫ്‌ളാറ്റിലെ ഒരു മാസത്തെ സി സി ടി വി ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് ശേഖരിക്കാനായത്. ഫ്‌ളാറ്റിനു സമീപം ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫ്‌ളാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എം എല്‍ എ ഓഫീസിലെ ജീവനക്കാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
രാഹുലിന്റെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരും. ഫ്‌ളാറ്റിലെ കെയര്‍ടേക്കറില്‍ നിന്ന് ഉള്‍പ്പെടെ പോലീസ് വിവരങ്ങള്‍ ശേഖരിക്കും. രാഹുല്‍ ഒളിവില്‍ പോയ വഴി കണ്ടെത്താന്‍, പാലക്കാട് കണ്ണാടിയില്‍ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് എസ് ഐ ടി പരിശോധന തുടരുകയാണ്.



