Connect with us

International

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്: തീരദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ മേഖലയിൽ, ദാവോ ഓറിയന്റലിലെ മനായ് ടൗണിന് സമീപം കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Published

|

Last Updated

മിൻഡാനാവോ | ഫിലിപ്പീൻസിന്റെ തെക്കൻ തീരപ്രദേശത്ത് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച അധികൃതർ, തീരദേശങ്ങളിൽ താമസിക്കുന്നവരോട് ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും മാറാൻ ആവശ്യപ്പെട്ടു. ഫിലിപ്പീൻസ് സീസ്മോളജി ഏജൻസി (Phivolcs.) ആണ് മുന്നറിയിപ്പ് നൽകിയത്.

തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ മേഖലയിൽ, ദാവോ ഓറിയന്റലിലെ മനായ് ടൗണിന് സമീപം കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സാധാരണ വേലിയേറ്റ നിരപ്പിനേക്കാൾ ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ പ്രതീക്ഷിക്കുന്നതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്‌മോളജി (Phivolcs.) അറിയിച്ചു. അടഞ്ഞ ഉൾക്കടലുകളിലും കടലിടുക്കുകളിലും തിരമാലകൾ ഇതിലും ഉയരാൻ സാധ്യതയുണ്ട്.

തീരദേശ പട്ടണങ്ങളിലെ ജനങ്ങളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്കോ, ഉൾപ്രദേശങ്ങളിലേക്കോ മാറാൻ ഫിലിപ്പീൻസ് സീസ്മോളജി ഏജൻസി നിർദേശിച്ചു.

സംഭവത്തിൽ ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാകാനും തുടർചലനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. ഫിലിപ്പീൻസ് പുറമേ ഇന്തോനേഷ്യ, പലാവു എന്നീ രാജ്യങ്ങളിലും സുനാമി സാധ്യത നിലനിൽക്കുന്നതായി യു എസ്. സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

Latest