Connect with us

Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി

ജുഡീഷ്യല്‍ കമ്മീഷന് തുടരാംജുഡീഷ്യല്‍ കമ്മീഷന് തുടരാം

Published

|

Last Updated

കൊച്ചി |  മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. നിരവധി കോടതി വിധികളിലൂടെയും ഔദ്യോഗിക രേഖകളിലൂടെയും വഖ്‌ഫെന്ന് സ്ഥിരപ്പെട്ട  മുനമ്പത്തെ ഭൂമി വഖ്ഫ് സ്വത്തല്ലെന്ന വിചിത്ര നിരീക്ഷമാണ് ഇന്നലെ  ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ചത്. മുനമ്പം വിഷയത്തില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ  ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ച നടപടി റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എസ് എ ധര്‍മാധികാരി, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നിരീക്ഷണം.2019ല്‍ മുനമ്പത്തെ ഭൂമി വഖഫായി വിജ്ഞാപനം ചെയ്ത വഖഫ് ബോര്‍ഡിന്റെ നടപടി നിയമപരമായി തെറ്റാണെന്ന് കോടതി വ്യക്തമാക്കി.

1950ലെ ആധാരപ്രകാരം മുനമ്പത്തെ ഭൂമി വഖഫിന് വിട്ടുനല്‍കിയിട്ടുള്ളതല്ല. അത് ഫറൂഖ് കോളജിനുള്ള ഇഷ്ടദാനമാണെന്നും അതുകൊണ്ടു തന്നെ മുനമ്പത്തെ ഭൂമി വഖഫിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ഭൂമിയുടെ സര്‍വേ നടത്തുക, അര്‍ധ ജുഡിഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുക, ഗസറ്റില്‍ വിജ്ഞാപനം ചെയ്യുക തുടങ്ങി 1954 ലെ വഖഫ് നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ മുനമ്പത്തേത് വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഒരു കമ്മിഷനെ നിയോഗിക്കാനും അന്വേഷണം നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന്  ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് കോടതി വ്യക്തമാക്കി.വഖഫ് ദാനം എന്നു പേരിട്ടത് കൊണ്ടു മാത്രം അത് വഖഫ് ഭൂമിയാകുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

വഖഫ്  പ്രകാരം ‘ദൈവത്തിന് വേണ്ടി സ്ഥിര സമര്‍പ്പണം’ എന്ന നിലയിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ മുനമ്പത്തെ ഭൂമി ഇത്തരത്തിലുള്ളതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.വഖഫ് ബോര്‍ഡ് വൈകി പുറപ്പെടുവിച്ച പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ല. 69 വര്‍ഷത്തെ കാലതാമസം നീതീകരിക്കാനാകാത്തതാണ്.വഖഫ് നിയമം 1954, 1984, 1995 എന്നിവയുടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് 2019ലെ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാനാവില്ല. എന്നാല്‍ 2019ലെ ഉത്തരവ് തങ്ങള്‍ റദ്ദാക്കുന്നില്ലെന്നും 69 വര്‍ഷത്തിനു ശേഷമുള്ള ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ല എന്ന കാര്യം ചൂണ്ടിക്കാട്ടാനാണ് തങ്ങള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച നടപടി നിലനില്‍ക്കില്ലെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

പറവൂര്‍ ഹാജി ഹാശിം സേഠിന്റെ മകന്‍ മുഹമ്മദ് സിദ്ദീഖ് സേഠ് മുനമ്പം എസ്റ്റേറ്റിലെ 404.76 ഏക്കര്‍ ഭൂമിയാണ് ഫറൂഖ് കോളജിന് വഖ്ഫായി നല്‍കിയത്.  ഈ ഭൂമിയും അതിലെ ആദായവും വകകളും ഫറൂഖ് കോളജിന്റെ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇവ കോളജിനല്ലാതെ വന്നാല്‍, ഈ ഭൂമി തിരിച്ചെടുക്കാന്‍ തനിക്കും തന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അധികാരമുണ്ടെന്നും വഖ്ഫ് ആധാരത്തില്‍ വ്യക്തമാക്കിയിരുന്നു.

എടപ്പള്ളി എസ് ആര്‍ ഒ ഓഫീസില്‍ 2115/1950 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഭൂമി 404.76 ഏക്കര്‍ വഖ്ഫ് ആധാരമായാണ് രജിസ്റ്റര്‍ ചെയ്തത്.1971 ജൂലൈ 12ന് പറവൂര്‍ സബ് കോടതി മുനമ്പം ഭൂമി വഖ്ഫ് ആധാരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ എതിര്‍ത്ത് നല്‍കിയ ഹരജി 1975 സെപ്തംബര്‍ 30ന് ഹൈക്കോടതി തള്ളിക്കളയുകയും സബ്കോടിതി വിധി ശരിവെക്കുകയും ചെയ്തു. 2008, 2009 വര്‍ഷങ്ങളില്‍ കലക്ടര്‍മാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലും ഇത് വഖ്ഫ്  ഭൂമിയാണെന്ന് വ്യക്തമാക്കി. 1960 നവംബര്‍ 14ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായി മുനമ്പം ഭൂമി ഫാറൂഖ് കോളജിന്റേതാണെന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2022 ഡിസംബറില്‍ കെ പി എ മജീദിന്റെ സബ്മിഷന് മറുപടി പറഞ്ഞ ഇപ്പോഴത്തെ വഖഫ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ മുനമ്പം വഖ്ഫ് ഭൂമി തിരിച്ചുപിടിക്കുമെന്ന് നിയമസഭയില്‍ വ്യക്തമാക്കിയതാണ്.

 

Latest