Connect with us

Kerala

കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ ലോറിയില്‍ അതിക്രമിച്ചു കയറി, സിലിണ്ടര്‍ കുത്തിത്തുറന്ന് തീകൊളുത്തി; യുവാവിന്റെ ആത്മഹത്യാശ്രമം

സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ ഉടന്‍ പിടിച്ചുമാറ്റിയതോടെ വന്‍ അപകടം ഒഴിവായി

Published

|

Last Updated

കോട്ടയം| കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ അതിക്രമിച്ചു കയറി, സിലിണ്ടര്‍ കുത്തിത്തുറന്ന് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. കമ്പികൊണ്ട് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീകൊളുത്തുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം.

സംഭവത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വെട്ടിക്കാട് മുക്കം സ്വദേശിയാണ് ലോറിയുടെ ഡ്രൈവര്‍. ഇയാള്‍ രാത്രി ഗ്യാസ് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വീട്ടിലേക്ക് പോയതിന് പിന്നാലെ അര്‍ധരാത്രിയോടെയാണ് സംഭവം.

വാഹനത്തില്‍ അതിക്രമിച്ചുകയറിയ യുവാവ് കൈയില്‍ കരുതിയ കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീ കൊളുത്തുകയായിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ ഉടന്‍ പിടിച്ചുമാറ്റിയതോടെയാണ് വന്‍ അപകടം ഒഴിവായത്. ലോറിയില്‍ പൂര്‍ണ്ണമായും ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നതോടെ കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.

 

 

Latest