International
വെടിനിർത്തൽ, ബന്ദിമോചന കരാർ അംഗീകരിച്ച് ഇസ്റാഈൽ മന്ത്രിസഭ; ഗസ്സയിൽ താൽക്കാലിക യുദ്ധവിരാമം
ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിന് സർക്കാർ അംഗീകാരം നൽകിയതായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്

ജറൂസലേം | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച ഗസ്സ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്റാഈൽ സർക്കാർ അംഗീകാരം നൽകി. ഹമാസിന്റെ പിടിയിലുള്ള ശേഷിക്കുന്ന 48 ഇസ്റാഈൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറാണ് ഇസ്റാഈൽ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചത്. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചട്ടക്കൂടിന് അംഗീകാരം നൽകിയതായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മന്ത്രിസഭയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിഭാഗം മന്ത്രിമാരും പിന്തുണച്ചതോടെ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും ചെയ്തു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇസ്റാഈൽ സുരക്ഷാ മന്ത്രി സഭാ യോഗം വെടിനിർത്തൽ കരാർ അംഗീകരിച്ചത്.
ഏകദേശം 2,000 ഫലസ്തീൻ സുരക്ഷാ തടവുകാരെ മോചിപ്പിക്കുന്നതിനും ഇസ്റാഈൽ പ്രതിരോധസേന (ഐ ഡി എഫ്.) ഭാഗികമായി പിന്മാറുന്നതിനും പകരമായാണ് ഹമാസ് ബന്ദികളെ വിട്ടയക്കുക. ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.
ധനമന്ത്രി ബെസലേൽ സ്മോട്ട്രിച്ചിന്റെ തീവ്ര വലതുപക്ഷ പാർട്ടിയായ റിലീജ്യസ് സയണിസം പാർട്ടിയുടെ മന്ത്രി ഓഫ് സ്ഫോർ ഉൾപ്പെടെ മിക്ക കാബിനറ്റ് മന്ത്രിമാരും കരാറിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയുടെ മറ്റ് മന്ത്രിമാരും തീവ്ര ദേശീയ പാർട്ടിയായ ഓട്സ്മാ യെഹൂദിത് പാർട്ടിയുടെ എല്ലാ അംഗങ്ങളും കരാറിനെ എതിർത്തു.
കരാർ പ്രകാരം ഐ ഡി എഫ്. ഇപ്പോൾ ഗസ്സ മുനമ്പിലെ പുതിയ മേഖലയിലേക്ക് പിന്മാറും. ഗസ്സയുടെ ഏകദേശം 53% പ്രദേശത്ത് നിയന്ത്രണം നിലനിർത്തും. ഇതിനുശേഷം 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന നടപടി ഹമാസ് ആരംഭിക്കും. കൈറോയിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ ഹമാസ് നേരത്തെ തയ്യാറായിരുന്നു.
ട്രംപ് മധ്യസ്ഥത വഹിച്ച സമാധാന കരാറിന് പിന്നാലെ ഇസ്റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിനായി 200 പേരടങ്ങുന്ന യു എസ്. സൈനിക സംഘത്തെ മിഡിൽ ഈസ്റ്റിൽ വിന്യസിക്കുമെന്ന് മുതിർന്ന യു എസ്. ഉദ്യോഗസ്ഥർ അറിയിച്ചു. യു എസ്. മിലിട്ടറി സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർക്കാണ് ഇതിന്റെ ചുമതല. വെടിനിർത്തൽ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും, നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് 200 പേരടങ്ങുന്ന സംഘത്തിന്റെ പ്രാഥമിക ചുമതല. ഈജിപ്ഷ്യൻ, ഖത്തരി, ടർക്കിഷ്, എമിറാത്തി സൈനിക ഉദ്യോഗസ്ഥരെയും ഈ സംഘത്തിൽ ഉൾപ്പെടുത്തും. യു എസ്. സൈനികരെ ഗസ്സയിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യു എസ്. സൈനികർ ഈജിപ്തിൽ തങ്ങാനാണ് സാധ്യത. അവിടെ അവർ ഒരു സംയുക്ത നിയന്ത്രണ കേന്ദ്രം വികസിപ്പിക്കുകയും ഇസ്റാഈൽ സേനയുമായി ഏകോപിപ്പിച്ച് ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഗസ്സയിൽ പ്രവർത്തിക്കുന്ന മറ്റ് സുരക്ഷാ സേനകളെ സംയോജിപ്പിക്കുകയും ചെയ്യും.
വെടി നിർത്തൽ നിലവിൽ വരുന്നതോടെ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിനാണ് താൽക്കാലിക വിരാമം ആകുന്നത്. ഈ യുദ്ധത്തിൽ ഇതുവരെ 67,000 ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,69,000 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇസ്റാഈൽ സർക്കാർ പ്രഖ്യാപനം ഗസ്സയിലെ യുദ്ധത്തിന് താൽക്കാലിക വിരാമം നൽകുമെന്ന പ്രതീക്ഷയിലാണ് ലോകം.