Connect with us

International

സമാധാന നൊബേൽ ഇന്ന് പ്രഖ്യാപിക്കും; പുരസ്കാരം ട്രംപിനോ? ഉറ്റുനോക്കി ലോകം

നോർവേയിലെ ഓസ്‌ലോയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 ന് ആയിരിക്കും പ്രഖ്യാപനം നടക്കുക.

Published

|

Last Updated

ഒസ്‌ലോ | ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ ഇന്ന് (ഒക്ടോബർ 10, വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നോർവേയിലെ ഓസ്‌ലോയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 ന് ആയിരിക്കും പ്രഖ്യാപനം നടക്കുക.

ഇത്തവണത്തെ നൊബേൽ സമ്മാനത്തിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അർഹനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ട്രംപ് പുരസ്കാരത്തിന് അവകാശവാദമുന്നയിച്ച് രംഗത്ത് വരികയും അദ്ദേഹത്തിന് നാമനിർദേശം ലഭിക്കുകയും ചെയ്തതോടെയാണ് നൊബേൽ സമാധാന പുരസ്കാരം ഇത്തവണ കൂടുതൽ ചർച്ചാവിഷയമാകുന്നത്.

ട്രംപിന് സാധ്യതയോ?

പല അന്താരാഷ്ട്ര സംഘർഷങ്ങളിലും സമാധാനം കൊണ്ടുവരാൻ താൻ മുൻകൈയെടുത്തുവെന്ന് അവകാശപ്പെടുന്ന ട്രംപ്, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് പലതവണ അവകാശവാദം ഉന്നയിച്ചിരുന്നു. ഇസ്റാഈൽ, പാകിസ്ഥാൻ, അസർബൈജാൻ, അർമേനിയ, തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ ട്രംപിനെ നൊബേലിനായി നാമനിർദേശം ചെയ്തിട്ടുണ്ട്. എന്നാൽ, നൊബേൽ പുരസ്‌കാരത്തിനായുള്ള നാമനിർദേശങ്ങൾ ആർക്കും സമർപ്പിക്കാമെന്നതിനാൽ, കേവലം നാമനിർദേശം ലഭിക്കുന്നത് പുരസ്‌കാര സമിതിയുടെ ഔദ്യോഗിക അംഗീകാരമായി കണക്കാക്കാനാവില്ല.

‘അവസാനിക്കാത്ത’ ഏഴ് യുദ്ധങ്ങൾ താൻ ഏഴ് മാസത്തിനുള്ളിൽ അവസാനിപ്പിച്ചു എന്നാണ് വ്യാഴാഴ്ച ട്രംപ് അവകാശപ്പെട്ടത്. “ചിലത് 31 വർഷമായി, ഒന്ന് 36 വർഷമായി നടക്കുന്നു. എങ്കിലും എണ്ണമറ്റ ആയിരങ്ങൾ മരിച്ചുകൊണ്ടിരുന്ന ഏഴ് യുദ്ധങ്ങളാണ് ഞാൻ അവസാനിപ്പിച്ചത്” – അദ്ദേഹം പറഞ്ഞു. ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിലെ നയതന്ത്ര ഇടപെടൽ, അർമേനിയ-അസർബൈജാൻ സമാധാന കരാർ, ഗസ്സയിലെ വെടിനിർത്തൽ കരാറിനായുള്ള ശ്രമങ്ങൾ എന്നിവയാണ് അദ്ദേഹം പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.

എങ്കിലും, നൊബേൽ സമിതിയുടെ തീരുമാനം തിങ്കളാഴ്ച തന്നെ എടുത്തതിനാൽ ഗസ്സയിലെ വെടിനിർത്തൽ പോലുള്ള പുതിയ സമാധാന ശ്രമങ്ങൾ ഈ വർഷത്തെ പുരസ്‌കാരത്തിനായി പരിഗണിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം, സൈനിക ശക്തി കുറയ്ക്കൽ, സമാധാന സമ്മേളനങ്ങളുടെ പ്രചാരണം എന്നിവയിൽ ‘ഏറ്റവും മികച്ചതോ കൂടുതലായതോ’ ആയ സംഭാവന നൽകിയ വ്യക്തിക്കാണ് ആൽഫ്രഡ് നൊബേലിന്റെ ഇഷ്ടപ്രകാരം പുരസ്‌കാരം നൽകേണ്ടത്. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നിലപാടുകളും അന്താരാഷ്ട്ര കരാറുകളിൽ നിന്നുള്ള പിന്മാറ്റവും ഈ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് സമാധാന ഗവേഷകർ വിലയിരുത്തുന്നു.

ഓസ്‌ലോയിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉൾപ്പെടെയുള്ള നൊബേൽ വിദഗ്ധർ, ട്രംപിന് ഈ വർഷം പുരസ്‌കാരം ലഭിക്കില്ലെന്ന് ‘നൂറുശതമാനം ഉറപ്പ്’ പറയുന്നു.

ഈ വർഷം 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ ആകെ 338 നാമനിർദേശങ്ങളാണ് സമാധാന നൊബേലിനായി പരിഗണിച്ചത്. നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്. സമ്മാന ജേതാവിന് ഡോക്ടർ ആൽഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യൺ സ്വീഡിഷ് ക്രോണും ലഭിക്കും.

---- facebook comment plugin here -----

Latest