Kerala
അതിജീവിതക്കെതിരെ സൈബര്‍ അധിക്ഷേപം; രാഹുല്‍ ഈശ്വറിനെ തെളിവെടുപ്പിനായി വീട്ടില്‍ എത്തിച്ചു
രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന്
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ തെളിവെടുപ്പിനായി താമസസ്ഥലത്ത് എത്തിച്ചു.
പൗഡിക്കോണത്തെ വീട്ടില്‍ ഒളിപ്പിച്ച ലാപ്‌ടോപ് കണ്ടെടുക്കുന്നതിനായാണ് ഇയാളെ എത്തിച്ചത്. ലാപ്‌ടോപ് ഒളിപ്പിക്കുകയാണെന്ന് അറസ്റ്റിലാവും മുമ്പ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ഇയാള്‍ മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞു.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഹുലിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, രജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോടും സൈബര്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രാഹുല്‍ ഈശ്വറിനെ എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയ ശഷം അറസ്റ്റ് ചെയ്യുകയായിരുന്നു.


