Connect with us

National

ബിസിനസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സെപ്റ്റംബര്‍ 26നാണ് ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്തവെടിയേറ്റു കൊല്ലപ്പെട്ടത്

Published

|

Last Updated

ലഖ്നൗ | ബിസിനസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സെപ്റ്റംബര്‍ 26നാണ് ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്തവെടിയേറ്റു കൊല്ലപ്പെട്ടത്. പൂജയുടെയും ഭര്‍ത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയുടെയും നിര്‍ദേശപ്രകാരം വാടക കൊലയാളികളായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവര്‍ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്സെയെ പരസ്യമായി പ്രശംസിച്ചതിന് പൂജ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഹാഥ്റസിലേക്കുള്ള ബസില്‍ കയറുന്നതിനിടെയായിരുന്നു അഭിഷേക് ഗുപ്ത വെടിയേറ്റുമരിച്ചത്. പൂജക്കും ഭര്‍ത്താവിനുമെതിരെ റൊറാവര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെ രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പൂജ അറസ്റ്റിലായത്. പൂജ ഏറെക്കാലമായി അഭിഷേകിനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ബന്ധം അവസാനിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേകിന്റെ കുടുംബം ആരോപിക്കുന്നത്.

എന്നാല്‍ ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. പൂജ ശകുന്‍ പാണ്ഡെയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയും രണ്ട് ഷൂട്ടര്‍മാരും നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ ജയിലിലാണ്. ‘മഹാമണ്ഡലേശ്വര്‍’ എന്ന മതപരമായ പദവി വഹിക്കുന്ന അന്നപൂര്‍ണ മാ എന്നറിയപ്പെടുന്ന പൂജ ശകുന്‍ പാണ്ഡെ കൊലപാതകം നടന്ന രാത്രി മുതല്‍ ഒളിവിലായിരുന്നു. അവരെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കൊലയാളികളായ ഷൂട്ടര്‍മാര്‍ക്ക് പൂജയെയും ഭര്‍ത്താവിനെയും 7-8 വര്‍ഷമായി പരിചയമുണ്ടൈന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് ഇവരുടെ വീട്ടില്‍ വെല്‍ഡിങ് ജോലിക്ക് വന്നപ്പോഴാണ് അഭിഷേക് ഗുപ്തയെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ നല്‍കിയത്. അഞ്ച് ലക്ഷം രൂപയാണ് ഷൂട്ടര്‍മാര്‍ ആവശ്യപ്പെട്ട്. ഒടുവില്‍ മൂന്ന് ലക്ഷം രൂപക്ക് കരാറിലെത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയതായും കണ്ടെത്തിയിരുന്നു.