Kerala
സംഘര്‍ഷ മേഖലയിലെ പരിക്ക് സാധാരണമെന്ന് എം വി ഗോവിന്ദന്‍
സംഘര്‍ഷത്തിന് പോകുമ്പോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണമെന്നും അത് നേരിടാന്‍ ഉള്ള തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം | പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റത് സംഘര്‍ഷ മേഖലയിലെ സാധാരണ സംഭവമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംഘര്‍ഷത്തിന് പോകുമ്പോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണമെന്നുംഅത് നേരിടാന്‍ ഉള്ള തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പട്ടിയെ തല്ലുന്നപോലെയാണ് പോലീസ് ഇടതുപക്ഷ പ്രവര്‍ത്തകരെ തല്ലിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം പിയുടെ മൂക്കിന്റെ രണ്ടു എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഐ സി യുവില്‍ തുടരുകയാണ് ഷാഫി പറമ്പില്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. നേരിയതോതില്‍ സംസാരിക്കുന്നുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എം പി, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കും കണ്ടാലറിയാവുന്ന 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. 501 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. പേരാമ്പ്രയിലെ സംഘര്‍ഷത്തിന് പിറകെ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട് ടി സിദ്ദീഖ് എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.