National
തമിഴ്‌നാട് സര്‍ക്കാറിന് തിരിച്ചടി; കരൂര്‍ ദുരന്തം അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീം കോടതി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ) ആണ് ഹര്‍ജി സമര്‍പ്പിച്ചത്

ന്യൂഡല്‍ഹി | കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീം കോടതി.ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സമിതിയിൽ തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഓഫീസർമാരുണ്ടാകും. അവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്നും, ഐജി റാങ്കിൽ ഉള്ളവരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ) ആണ് ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 29 ന് നടന്ന ദുരന്തത്തില്‍ 41 പേര്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച നടന്ന വാദം കേള്‍ക്കലില്‍ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനോട് മറുപടി സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ വിസമ്മതിക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുകയും ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെയാണ് ടി വി കെ സുപ്രീം കോടതിയെ സമീപിച്ചത്.
പാര്‍ട്ടിയുടെ അഭിപ്രായം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവികെ സുപ്രീം കോടതിയെ സമീപിച്ചത്.