Connect with us

Kerala

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രാനുമതി; ആദ്യ പരിപാടി ബഹ്‌റൈനില്‍

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒമ്പതു വരെ മുഖ്യമന്ത്രി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തും

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒമ്പതു വരെ മുഖ്യമന്ത്രി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തും.

ബഹ്‌റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബഹ്‌റൈനില്‍ മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ ബഹ്‌റൈന്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നിട്ടുണ്ട്.

ബഹ്‌റൈനില്‍ നിന്ന് മുഖ്യമന്ത്രി സഊദിയിലേക്ക് പോകും. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കും. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ ഏഴിന് കുവൈത്തിലും ഒമ്പതിന് അബുദാബിയിലും പരിപാടിയുണ്ട്.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത് അനിശ്ചിതത്വത്തിനു കാരണമായിരുന്നുവെങ്കിലും പിന്നീട് അനുമതി ലഭിക്കുകയായിരുന്നു.

Latest