From the print
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കൗതുകമായി മാറി മറിഞ്ഞ ചിഹ്നങ്ങൾ
സ്ഥാനാർഥിയുടെ പേര് മനസ്സിൽ പതിഞ്ഞില്ലെങ്കിലും ചിഹ്നം പതിയണം.
കോഴിക്കോട് | തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ചിഹ്നത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ഥാനാർഥിയുടെ പേര് മനസ്സിൽ പതിഞ്ഞില്ലെങ്കിലും ചിഹ്നം പതിയണം. അത് കൂടി കണക്കിലെടുത്താണ് പ്രചാരണം നടത്തുക. കോൺഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നം, മുസ്്ലിം ലീഗിന്റെ ഏണി, സി പി എമ്മിന്റെ ചുറ്റിക അരിവാൾ നക്ഷത്രം, സി പി ഐയുടെ അരിവാളും നെൽകതിരും എന്നിവ വർഷങ്ങളായി തുടരുന്ന ചിഹ്നങ്ങളാണ്.
പൂട്ടിയ കാളകൾ ആയിരുന്നു കോൺഗ്രസ്സിന് തുടക്കത്തിൽ ലഭിച്ച ചിഹ്നം. കർഷകരുടെ രാജ്യമെന്ന നിലയിൽ ഈ ചിഹ്നത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. 1969ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ പൂട്ടിയ കാളകൾ എന്ന ചിഹ്നം നഷ്ടമായി. 1975 കാലയളവിൽ പശുവും കുട്ടിയും ചിഹ്നമാണ് കോൺഗ്രസ്സിന് ലഭിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇതായിരുന്നു ചിഹ്നം. അന്ന് കേരളത്തിൽ കോൺഗ്രസ്സ് മുന്നണി വിജയിച്ചെങ്കിലും ദേശീയതലത്തിൽ ജനാതാപാർട്ടി തൂത്തുവാരി.
1978ൽ പശുവും കുട്ടിയും എന്ന ചിഹ്നം മരവിപ്പിച്ചു. പിന്നീട് കൈപ്പത്തിയായി. അതിന്നും തുടരുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ചിഹ്നമാണ് എല്ലാ പാർട്ടികളും താത്പര്യപൂർവം തിരഞ്ഞെടുത്തിരുന്നത്. ജനതാപാർട്ടിക്ക് കലപ്പയേന്തിയ കർഷകൻ ആയിരുന്നു ചിഹ്നം. പിന്നീട് ജനതാദൾ ആയപ്പോൾ കറ്റയേന്തിയ കർഷക സ്ത്രീയായി. ജനതാദൾ എസ് ആയി പാർട്ടി മാറിയപ്പോൾ ചക്രം ആണ് ചിഹ്നമായി അനുവദിച്ചത്.
ഇപ്പോൾ കേരളത്തിൽ ആർ ജെ ഡിക്ക് റാന്തൽ ആണ് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്. കോൺഗ്രസ്സിൽ നിന്ന് വിട്ടുപോയ ശരത്്പവാർ രൂപവത്കരിച്ച എൻ സി പിക്ക് ടൈംപീസ് ആയിരുന്നു ചിഹ്നം. അതിപ്പോൾ അജിത്പവാർ വിഭാഗത്തിന്റെ കൈയിലാണ്. ഇപ്രാവശ്യം സംസ്ഥാനത്തെ എൻ സി പിക്ക് കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന ചിഹ്നമാണ് കിട്ടിയത്. ചിഹ്നം മാറി വരുന്നത് രാഷ്ട്രീയകക്ഷികൾക്കും പ്രവർത്തകർക്കും പ്രയാസം സൃഷ്ടിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അരിവാളും ചുറ്റികയും ഇല്ലാത്ത ഒരു ചിഹ്നത്തെപ്പറ്റി സങ്കൽപിക്കാൻ പോലും പറ്റാത്ത ഒരു കാലം ഉണ്ടായിരുന്നു. 1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അരിവാളും ചുറ്റികയും ചിഹ്നമായി ആവശ്യപ്പെട്ടപ്പോൾ പാർട്ടി പതാക തന്നെ ചിഹ്നമായി നൽകാനാകില്ലെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.
1964ലെ പിളർപ്പിനുശേഷം സി പി ഐ അരിവാളും നെൽക്കതിരും ചിഹ്നമായി നേടി. അതേസമയം, സി പി എമ്മിന് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നമായി കിട്ടി. അരിവാളും ചുറ്റികയും പാർട്ടി പതാകയിൽ ഉള്ളതാണ്. അതിന്റെ കൂടെ നക്ഷത്രവും കൂടി ചേർത്തു. ഏതായാലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് അംഗീകാരം നൽകി. ഇടക്കാലത്ത് കോൺഗ്രസ്സിൽ നിന്ന് വിട്ടുപോയവർ കോൺഗ്രസ്സ് എസ് രൂപവത്കരിച്ചപ്പോൾ ചർക്കയായിരുന്നു ചിഹ്നമായി അനുവദിച്ചിരുന്നത്. യു പിയിലും മറ്റും ഒരുകാലത്ത് സജീവമായിരുന്ന കാൻഷിറാമിന്റെ ബി എസ്് പിക്ക് ആനയാണ് ചിഹ്നമായി അനുവദിച്ചിരുന്നത്. ആം ആത്മി പാർട്ടിക്ക് ചൂൽ ആണ് ചിഹ്നം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും അവർക്ക് സ്ഥാനാർഥികളുണ്ട്. സ്വതന്ത്രസ്ഥാനാർഥികൾക്ക് ടെലിവിഷൻ, ഗ്ലാസ്, കുടം, ക്ലോക്ക് തുടങ്ങിയ ചിഹ്നങ്ങളാണ് അനുവദിക്കുന്നത്. ഏതായാലും തിരഞ്ഞെടുപ്പ് ചിഹ്നം വോട്ടർമാരുടെ മനസ്സിൽ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.


