Uae
എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ തുടങ്ങി
2,000 സ്റ്റാർട്ടപ്പുകളും 1,200 നിക്ഷേപകരും പങ്കെടുക്കുന്നു

ദുബൈ|ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-നിക്ഷേപക സംഗമമായ “എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ’ പരിപാടിയുടെ പത്താം പതിപ്പ് ദുബൈ ഹാർബറിൽ തുടങ്ങി. ദുബൈ പോർട്ട്‌സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പങ്കെടുത്തു.
ദുബൈ വേൾഡ് ട്രേഡ് സെന്റർ (ഡി ഡബ്ല്യു ടി സി), ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും. ലോകമെമ്പാടുമുള്ള 2,000 സ്റ്റാർട്ടപ്പുകളെയും 40 യൂണികോൺ കമ്പനികളെയും 1.1 ട്രില്യൺ ഡോളറിന്റെ ആസ്തിയുള്ള 1,200-ൽ അധികം നിക്ഷേപകരെയും ഒരുമിപ്പിക്കുന്നു. ഈ ഇവന്റ്ദുബൈയെ സർഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും പരിവർത്തനപരമായ പുരോഗതിയുടെയും ആഗോള തലസ്ഥാനമായി ദുബൈയെ ഉറപ്പിച്ചുവെന്ന് ശൈഖ് മൻസൂർ പറഞ്ഞു.
എ ഐ, ക്ലൈമറ്റ് ടെക്, ഹെൽത്ത് ടെക്, ഫിൻടെക്, ഡീപ് ടെക് തുടങ്ങിയ മേഖലകളിൽ നൂതനമായ പരിഹാരങ്ങളും അവസരങ്ങളും പ്രവണതകളും പ്രദർശിപ്പിക്കുന്ന പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക, എ ഐ ഇവന്റായ ജിറ്റെക്‌സ് ഗ്ലോബലുമായി സംയോജിപ്പിച്ചാണ് എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ നടക്കുന്നത്. ഇതിന്റെ ഭാഗമായി 300,000 ഡോളറിൽ അധികം സമ്മാനത്തുകയുള്ള “സൂപ്പർനോവ ചലഞ്ച് 2.0′ എന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് പിച്ച് മത്സരവും നടക്കുന്നുണ്ട്.