Connect with us

Kerala

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രണ്ടാമത്തെ കേസില്‍ കെ പി സി സിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നു വിധി പറയും. പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി.

ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിലെ അടച്ചിട്ട മുറിയില്‍ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പരാതിക്ക് പിന്നില്‍ സി പി എം – ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ വാദം. തന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗര്‍ഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്റെ വാദം.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍, കെ പി സി സിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചു. അയല്‍സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെ പി സി സിക്ക് പരാതി അയച്ചത്. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെ രണ്ടാമത്തെ ബലാല്‍സംഗത്തിന്റെ എഫ്‌ഐ ആര്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കും. രാഹുല്‍ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കുമെന്നാണു വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യേപേക്ഷയിലെ വിധി കൂടി പരിഗണിച്ച് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ കെ പി സി സി തീരുമാനമെടുത്തേക്കും. മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം പുറത്താക്കാന്‍ ധാരണയായെങ്കിലും കോടതി വിധി കേള്‍ക്കണമെന്ന നിലയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തുകയായിരുന്നു. അച്ചടക്ക നടപടി നീളുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്നാണു വിവരം. കോടതി വിധിക്ക് ശേഷം നേതാക്കള്‍ കൂടിയാലോചിച്ചാകും പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പുറത്താക്കിയാലും എം എല്‍ എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല. നിലവില്‍ എട്ടു ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. എന്നാല്‍ കര്‍ണാടകയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെയാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് കരുതുന്നത്.

 

 

---- facebook comment plugin here -----

Latest